Sunday, July 22, 2012

ആറന്മുള വിമാനത്താവളവും ചില ചിന്തകളും ..

കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പാളം തെറ്റി തുടങ്ങിയിരിക്കുന്നു.

വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ കടന്നു പോയ വര്‍ഷവും 2 ഉപതിരഞ്ഞെടുപ്പുകളിലെ വിജയവും സര്‍ക്കാരിന്റെ ആത്മവിശ്വാസം വര്ധിപ്പിചിടുണ്ട്. പക്ഷെ ആ വിശ്വാസം, സര്‍ക്കാരിനെ പുറത്തു നിന്നും നയിക്കുന്ന ചില പ്രബല ശക്തികള്‍ അവരുടെ താല്പര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നു എന്നൊരു ആശങ്ക അസ്ഥാനത്തല്ല. 

ആരാണ് ഈ സര്‍ക്കാരിനെ അങ്ങനെ പുറത്തു നിന്നും നിയന്ത്രിക്കുന്നത്??. എന്റെ നിരീക്ഷണത്തില്‍ അവര്‍ ഇവരൊക്കെ ആണ് 

1.  സമുദായ നേതൃത്വങ്ങളും സാമുദായിക പാര്‍ട്ടികളും  - ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നോട്ടാക്കി മാറ്റാനും അത് വഴി സ്വയം പുഷ്ടിപെടുത്താനും അല്ലാതെ സമുദായത്തിലെ ആവശ്യവിഭാഗത്തിന്റെ  ഉന്നമനവും അഭിവൃദ്ധിയും ഒന്നും ഇവര്‍ക്ക് ഒരു വിഷയമല്ല. ഒരു വര്‍ഷം കേരളത്തിലെ പ്രൊഫഷണല്‍ കോളേജില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ അഡ്മിഷന്‍ കിട്ടുന്ന കുട്ടികളുടെ വിവരങ്ങള്‍ അന്വേഷിച്ചാല്‍ മതി ഈ ആനുകുല്യങ്ങള്‍ ആര്‍ക്കാണ്    ഉപയോഗപെടുന്നത് എന്ന്. കോരന്‍ ഇപ്പോഴും കുമ്പിളില്‍ തന്നെ കഞ്ഞി കുടിക്കുമ്പോള്‍ കോരന്റെ സമുദായ നേതാവ് ബെന്‍സ് കാറില്‍ സഞ്ചരിച്ച്, കോളേജും സ്കൂളും തുടങ്ങി സമുദായത്തെ ശക്തി പെടുത്തുന്നു. (അതില്‍ തങ്ങള്‍ എന്നോ ബിഷപ്പ് എന്നോ, നായര്‍ എന്നോ, തിയ്യന്‍ എന്നോ, ദളിതന്‍ എന്നോ  ഒരു വ്യത്യാസവും ഇല്ല. മേല്‍ത്തട്ടില്‍ എന്നേ തുല്യ സ്ഥിതി വന്നു കഴിഞ്ഞു) 

2. വിദേശ മലയാളി വ്യവസായികള്‍ - വിദേശത്ത് വലിയ തോതില്‍ പണം സമ്പാദിച്ച്, ആ പണത്തിന്റെ ബലത്തില്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വവുമായി വലിയ ചങ്ങാത്തം സ്ഥാപിച്ച വന്‍കിട മുതലാളിമാര്‍. കേരളത്തിലെ ഇടതു പക്ഷ പാര്‍ട്ടിയുടെ വലത്പക്ഷ വ്യതിയാനത്തിന് പിന്നില്‍ ഈ മുതാളിമാര്‍ തന്നെ ആണ്. പല വലിയ നേതാക്കന്മാരുടെയും ഉറ്റ ബന്ധുക്കള്‍ ഇവരുടെ സ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നു. വികസനം എന്ന പേരില്‍, കേരളത്തില്‍ പ്രഖ്യാപിക്കപെടുന്ന പല പദ്ധതികളും ഇവര്‍ക്ക് വേണ്ടിയാണ്. പല നിയമങ്ങളും മാറുന്നത് ഇവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആണ്. ഇതിന്നും പുറമെയാണ് പദ്മശ്രീ തുടങ്ങിയ  ദേശീയ ബഹുമതികള്‍ ....

3. റിയല്‍ എസ്റ്റേറ്റ്‌ മാഫിയ എന്ന ഓമനപേരിട്ടു നമ്മള്‍ വിളിക്കുന്ന വിഭാഗം. ഓരോരോ ഇടപാടിലും ഇവര്‍ നേടുന്ന കള്ളപണത്തിന്റെ പങ്കു പറ്റാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ല തന്നെ എന്ന് വേണം കരുതാന്‍ 

4. കേരളത്തിലെ വ്യാപാര സമൂഹം - പല വികസന പദ്ധതികള്‍ക്കും തുരങ്കം വെക്കുന്നത് ഇവരാണ് ഒരു ഫ്ലൈ ഓവര്‍ വരാതിരിക്കാന്‍ ദേശീയ പാതയില്‍ ഒരിടത്ത് ഇവര്‍ നടത്തിയ സമരം ഓര്‍ക്കുമല്ലോ. എല്ലാ ബൈ പാസുകള്‍ക്കും എതിരാണ് വ്യാപാരി സമൂഹം. ലൈസന്‍സ്‌ ഉള്ള, നികുതി കൃത്യമായി അടക്കുന്ന, വ്യപാരം നടത്താന്‍ ഈ രാജ്യം നിഷ്കര്‍ഷിക്കുന്ന നിയമങ്ങള്‍ ഒരു വിധം പാലിച്ച്, കച്ചവടം നടത്തുന്ന എത്ര പേരെ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും നമ്മുടെ സംസ്ഥാനത്ത്??


ഈ സംസ്ഥാനത്ത് ഭരണം നടക്കുന്നത് മേല്പറഞ്ഞ വിഭാഗങ്ങള്‍ക്ക് വേണ്ടി ആണ്. നമ്മുടെ രാഷ്ട്രീയ നേതൃത്വം വല്ലാതെ ദുര്‍ബലം ആണ് എന്ന് കാണിക്കുന്ന ഉദാഹരണങ്ങള്‍ നിരവധി ആണ്. 
1. എയിഡഡ് സ്കൂള്‍, കോളേജ് നിയനങ്ങള്‍ പി.എസ്.സി വഴി ആക്കാന്‍ സാധിക്കാത്തത്.

2. ഗവ. ന്റെ നിയന്ത്രണത്തില്‍ ഉള്ള പല കോര്പ്പോരറേന്‍ പലതിലും ഓഡിറ്റ്‌ പോലും നടക്കുന്നില്ല
3. ഭൂമി കൈയേറ്റം നിയന്ത്രിക്കാന്‍ ഇത് വരെ കഴിയുന്നില്ല. പട്ടയ മേള ഗവ. ന്റെ വിജയം ആയി ആണ് കരുതുന്നത്. എല്ലാ വര്‍ഷവും കുടിയേറ്റ പട്ടയങ്ങള്‍ നല്‍കി വരുന്നു. അത് കൂടുതല്‍ കൈയേറ്റം പ്രോത്സാഹിപ്പിക്കുന്നു. 

4. കാര്‍ഷിക മേഖലയെ പാടെ തകര്‍ക്കുന്ന നയങ്ങള്‍ (നെല്പാടം, തണ്ണീര്‍ തടം - മുതലയവ നികത്തുന്നത് അംഗീകരിക്കുന്ന നിയമങ്ങള്‍ കൊണ്ട് വരുന്നു) 

5. കള്ളപണം തടയാന്‍ ഒരു നടപടിയും ഇല്ല. കേരളത്തിലെ ആളുകള്‍ അംഗീകരിച്ച വരുമാനം (സ്വന്തം വരുമാനം ശരിവെച്ചിട്ടുള്ളത്‌) നോക്കിയാല്‍, കേരളത്തിലെ 90% ആളുകള്‍ക്കും താങ്ങാന്‍ കഴിയാത്ത വിലയാണ് ഇന്ന് ഭൂമിക്ക്. അങ്ങിനെ നോക്കിയാല്‍ കേരളത്തിലെ ഭൂമി മുഴുവന്‍ 10% കൈയാളുന്ന ഒരു സ്ഥിതി ആണ് വരുന്നത് . ഒരു ഗവ. ഉം ഒന്നും ചെയ്യുന്നില്ല 

എന്തിനാണ് കേരളത്തില്‍ ഇനി ഒരു വിമാനത്താവളം കൂടി?? 150 കി.മി. ദൂരപരിധിയില്‍ വിമാനത്താവളം പാടില്ല എന്ന വ്യവസ്ഥ ഇളവ് ചെയ്യ്താണ് കണ്ണൂര്‍, ആറന്മുള പദ്ധതികള്‍. ഇപ്പോള്‍ ഉള്ള മൂന്ന് താവളങ്ങള്‍ നന്നാക്കുക, അവിടേക്ക് കൂടുതല്‍ വേഗത്തില്‍ എത്താവുന്ന തരത്തില്‍ റോഡുകള്‍ പണിയുക, അവിടെ കൂടുതല്‍ വിമാനങ്ങള്‍ വരാനുള്ള സംവിധാനം കൊണ്ട് വരിക -- ഇതൊക്കെ അല്ലേ അഭികാമ്യം??? ഡാം വേണം എന്ന് വാശി പിടിക്കുന്ന അതേ ആളുകള്‍ ആണ് ഇതിന്റെയും പിന്നില്‍ എന്ന് പറയുന്നു 

വലിയ പദ്ധതികള്‍ കൊണ്ടുവരാന്‍ മാത്രമാണ് ഇന്നത്തെ രാഷ്ട്രീയക്കാര്‍ക്ക് താല്പര്യം. അതിന്റെ പിറകിലെ വികാരം എല്ലാവര്ക്കും അറിയുകയും ചെയ്യും. 

കേരളത്തിന്റെ വികസന സങ്കല്പത്തിന്റെ പ്രശ്നം, അത് ജനത്തിന് വേണ്ടിയുള്ളതല്ല എന്നതാണ്. അത് പണം മുടക്കുന്നവന്നു വേണ്ടിയുള്ളതാണ്, അല്ലെങ്കില്‍ അവനു വേണ്ടി മാത്രം ഉള്ളതാണ്..

ഇത് മാറണം..ജനത്തിന് വേണ്ടിയുള്ള പദ്ധതികള്‍ വരണം. ജനങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വര്ധിക്കണം. അവനു മെച്ചപെട്ട വരുമാനം നേടാനും അത് വഴി സാമ്പത്തിക ഭദ്രതയും, സാമുഹിക സുരക്ഷയും ഉറപ്പ് വരുത്താന്‍ ഉള്ള സാഹചര്യം ഉണ്ടാവണം. അതിനു വേണ്ട ഒരു വീക്ഷണവും, നയവും വരണം. അതിനു വേണ്ട ശ്രമങ്ങള്‍ ഉടനെ തന്നെ ഉണ്ടാവണം..എങ്കില്‍ മാത്രമേ നമ്മള്‍ ഒരു നാളെയിലേക്ക് സജ്ജമാവൂ...അതിനു ആദ്യം വേണ്ടത് ജനപക്ഷത്ത് നില്ക്കാന്‍ ത്രാണിയുള്ള (അതാണ്‌ ശരിയായ വാക്ക് എന്ന് ഞാന്‍ കരുതുന്നു) ഒരു രാഷ്ട്രീയ നേതൃത്വം ഉയര്‍ന്നു വരണം. അതിന്ന്‍ നമ്മള്‍ പരിശ്രമിക്കണം. 

എല്ലാ മാറ്റങ്ങളും തുടങ്ങിയത് സ്വപ്‌നങ്ങളില്‍ നിന്നാണ് അത് കൊണ്ട് നമ്മുക്ക് സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങാം പഠിക്കാം..നമുക്ക് വേണ്ടി...
Sunday, July 8, 2012

കാലം തെറ്റി വന്ന ചില മുല്ലപെരിയാര്‍ ചിന്തകള്‍. ..

മുല്ലപെരിയാര്‍ ചിന്തകള്‍ ...
എന്താണ് നമ്മുടെ (കേരളത്തിലെ രാഷ്ട്രീയ-പൊതു സമൂഹത്തിന്റെ പൊതുവില്‍) ആവശ്യം ?? - പുതിയ ഡാം വേണം. ആ ഡാമില്‍ ജലനിരപ്പ് നൂടിയന്പതിരണ്ട് അടി ആക്കണം. ഇപ്പോള്‍ നൂടിമുപ്പതിയാര്‍ അടി ആണ് നിരപ്പ്.  ഇതിനു, നമ്മള്‍ പറയുന്ന കാരണം എന്താണ്? - പഴയ ഡാം ദുര്‍ബലം, ചോരുന്നു, പൊട്ടിയാല്‍ അഞ്ചു ജില്ലകളും അതിലെ മൂന്നില്‍ ഒന്ന് ജീവനും നശിക്കും. 

ഒരു അറുപത്‌-എഴുപത് കൊല്ലം കഴിഞ്ഞാല്‍? നമ്മുടെ പിന്‍തലമുറക്ക് ഇതേ പ്രശ്നം ഉണ്ടാവില്ലേ? അപ്പോള്‍ ഡാം പണിയുന്നത് വഴി ഇന്നത്തെ അപകടം നാളേക്ക് മാറ്റി വെക്കുന്നു. അതാണോ ഉചിതം? അതോ ഈ അപകടം നിവാരണം ചെയ്യണോ? 

അതിന്ന്‍, ആദ്യം ജലനിരപ്പ് കുറക്കണം.അതിന്ന്‍, തമിഴ്നാടിലെക്കുള്ള ജലലഭ്യത കുറയില്ല എന്നൊരു ഉറപ്പും, അത് പാലിക്കാന്‍ നമ്മള്‍ കാണുന്ന വഴികളും അവരെ ബോധ്യപെടുത്തണം. അത് വഴി, മുല്ലപെരിയാറിലെ ജലനിരപ്പ് കാലാനുസൃതമായി കുറയ്ക്കാനും, അണ പൊട്ടിയാല്‍ തന്നെ, വെള്ളം വളരെ പെട്ടന്ന് താഴെയുള്ള ജലാശയ ശ്രംഗല (ഇത് നമ്മള്‍ ഉണ്ടാക്കണം) ആഗിരണം ചെയ്യുന്ന ഒരു പദ്ധതി വേണം. ഇങ്ങനെ ചെയ്‌താല്‍ മിന്നല്‍ പ്രളയം ഒഴിവാക്കാം, സ്വത്തും ജീവനും രക്ഷിക്കാം, കുട്ടനാട് പോലെ, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്നു അടിയില്‍ ആവും എന്നുള്ള ഭീതി അകറ്റാം. 

ഇങ്ങനെ പലവിധത്തില്‍ ചിന്തിക്കാം.. ഉദ്ദേശം, മിന്നല്‍ പ്രളയം എങ്ങനെ ഒഴിവാക്കാം എന്നത് ആവണം. തമിഴ്നാടിന്റെ വെള്ളം നിഷേധിച്ചോ, അവരെ ശത്രുതാമനോഭാവത്തോടെ കണ്ടോ ഒന്നും ഈ പ്രശ്നം പരിഹരിക്കുക അസാധ്യം. മാത്രമല്ല, രാഷ്ട്രീയ പരിഹാരം പോംവഴി അല്ലാത്ത ഒരു വിഷയം ആണിത്. പ്രകൃതിക്കും, ജലത്തിനും, ഉയരത്തിനും, ഭാഗ്യത്തിനും  എന്ത് രാഷ്ട്രീയം??