Saturday, April 21, 2012

അഞ്ചാം മന്ത്രി, സാമുദായിക സന്തുലനം, യു. ഡി. എഫ്, കോണ്‍ഗ്രസ്‌ - ഒരു അവിയല്‍


ഞാന്‍ ഒരു വലത് പക്ഷ ജനാധിപത്യ വിശ്വാസി. മതേതര വാദി ആണ് എന്ന് സ്വയം വിശ്വസിക്കുകയും, ചുറ്റുമുള്ളവരെ അങ്ങനെ ചിന്തിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വളരെ ശക്തമായ മത വിശ്വാസത്തില്‍ നില്കുമ്പോഴും മറ്റു മതങ്ങളെ തികഞ്ഞ സൌഹാര്‍ദ്ധത്തില്‍ കാണാനും, അംഗീകരിക്കാനും കഴിയുക എന്നതാവും ഇന്ത്യക്ക് ചേര്‍ന്ന മതേതരത്വം.

മതവിശ്വാസവും രാഷ്ട്രീയവും കൂടികുഴകാതിരിക്കുക എന്നതാണ് നമ്മള്‍ നേരിടുന്ന ഒരേ ഒരു വെല്ലുവിളിയും. ആ വെല്ലുവിളി പക്ഷെ, ഈ രാജ്യത്തിന്‌ തന്നെ തുരങ്കം വെക്കുന്ന രീതിയില്‍ വളര്‍ത്താന്‍ ഇവിടെ ആസൂത്രിത ശ്രമങ്ങള്‍ ഉണ്ട്. ആ ശ്രമങ്ങള്‍ക്ക് ഇര ആവാതെ, സ്വന്തം രാഷ്ട്രീയ, മത കാഴ്ചപാടുകള്‍ വ്യക്തിപരം ആയി നില നിര്‍ത്താന്‍ നമ്മള്‍ ഒരല്പം ഉത്സാഹം കാട്ടേണ്ട സമയം ആയി. സാമുദായികമായി വോട്ടുകള്‍ കേന്ദ്രീകരിക്കുന്നു എന്നത്, പ്രചരിപ്പിക്കപെടും പോലെ, സത്യം അല്ല എന്നാണ് എന്റെ വിശ്വാസം. പക്ഷെ, ആ രീതിയില്‍ പ്രചരണം ശക്തിപെട്ടുവരികയാണ്. 

ആത്യന്തികമായി, മതവും രാഷ്ട്രീയവും  ജനങ്ങളുടെ നന്മക്കും അഭിവൃദ്ധിക്കും വേണ്ടിയല്ലേ നില കൊള്ളണ്ട്ത്?? പക്ഷെ, രണ്ടും കൂടി കുഴക്കുന്നത്, വിപരീത ഫലം ഉണ്ടാക്കും എന്നാണു അനുഭവം. 

ഒരു കാലിക വിഷയത്തെ പറ്റി തന്നെ എഴുതി ഈ ബ്ലോഗ്‌ ആരംഭിക്കാം എന്ന് കരുതുന്നു.  സമീപ ഭാവിയില്‍ കേരള സമൂഹം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ചില വിഷയങ്ങള്‍ ആണ് അഞ്ചാം മന്ത്രി, സാമുദായിക സന്തുലനം എന്നിവ. ഈ നാട്ടില്‍ ജീവിക്കുന്ന, കഴിഞ്ഞ പത്തിരുപത് കൊല്ലം ആയി രാഷ്ട്രീയം വളരെ ഗൌരവമായി കാണുന്ന ഒരു പൌരന്‍ എന്ന നിലക്ക് എന്റെ ഒരു വീക്ഷണം അവതരിപ്പിക്കുന്നു.
*********
ലീഗ് അഞ്ചാം മന്ത്രിയെ ആവശ്യപെട്ടപ്പോള്‍, അത് ഒരു വലിയ പ്രശ്നമായി മാറിയത് നമ്മള്‍ കണ്ടു. പലരും അത് ഒരു വര്‍ഗ്ഗീയ പ്രശ്നം ആയി ആണ് അതിനെ ചിത്രീകരിചത്. ഒരു വര്‍ഗ്ഗീയ പാര്‍ട്ടി എന്ന നിലയില്‍ ലീഗ് ചെയ്യുന്നതെല്ലാം വര്‍ഗ്ഗീയം ആണ് എന്നൊരു അഭിപ്രായം കേരളത്തില്‍ ഉണ്ട് എന്നുള്ളതും ശരി തന്നെ. പക്ഷെ ഈ വിഷയം നമ്മള്‍ രാഷ്ട്രീയമായി വിശകലനം ചെയ്യണം.

1989 നു ശേഷം, ഇന്ത്യയില്‍ കൂട്ടുകക്ഷി ഭരണം മാത്രമേ ഉണ്ടായിട്ടുള്ളൂ. കേരളത്തില്‍ അതിനും എത്രയോ മുന്‍പേ തന്നെ ഈ സംവിധാനം നിലവില്‍ വന്നു. കൂട്ടുകക്ഷി ഭരണത്തിന്റെ ഒരു പ്രത്യേകത ആണ്, വര്‍ഗ്ഗീയ, പ്രാദേശിക പാര്‍ടികള്‍ക്ക് അധികാരത്തില്‍ ഉള്ള സ്വാധീനം. ഡി എം കെ, ടി എം സി, ബി എസ്‌ പി, എസ്‌ ജെ പി തുടങ്ങിയ പ്രാദേശിക കക്ഷികള്‍, പല സര്കാരുകളെയും ക്ഷ വരപ്പിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അങ്ങിനെ ഉള്ള ഒരു ക്ഷ വരപ്പിക്കലാണ് നമ്മള്‍ കേരളത്തില്‍ കണ്ടത്. ലീഗിന്റെ ആവശ്യം തികച്ചും രാഷ്ട്രീയം മാത്രം ആയിരുന്നു.

ലീഗ് ഹിന്ദു പാര്‍ട്ടി ആണെങ്കിലും, ക്രിസ്ത്യന്‍ പാര്‍ട്ടി ആണെങ്കിലും, മതേതര പാര്‍ട്ടി ആണെങ്കിലും, ഇനിയിപ്പോ നിരീശ്വരവാദികളുടെ പാര്‍ട്ടി ആണെങ്കിലും, അവര്‍ ഈ ആവശ്യം മുന്‍പോട്ടു വെക്കും. കാരണം, ഭരണം നില നിര്‍ത്താനും, മുന്പ്പോട്ട്ട് കൊണ്ട് പോവാനും ലീഗ് ഇല്ലാതെ സാധ്യമല്ല. നാളെ ലീഗ് ഒരു മന്ത്രിയെ കൂടി ചോദിച്ചാലും അതിശയിക്കാനില്ല. അതാണ്‌, നിയമസഭയില്‍ കൂടുതല്‍ എം. എല്‍.എ മാര്‍ ഉള്ളതിന്റെ ശക്തി. ആ ആവശ്യം അംഗീകരിക്കുക എന്നല്ലാതെ, കോണ്‍ഗ്രെസ്സിന്നു മറ്റു വഴികള്‍ ഇല്ലായിരുന്നു. അത് തടയാന്‍ കോണ്‍ഗ്രസിലെ ചില അതിബുദ്ധികള്‍ കണ്ടെത്തിയ ഉപായം ആണ് സാമുദായിക സന്തുലനം എന്ന സൂത്ര വാക്യം.

കേരള ജനതയെ വര്ഗ്ഗീയ അടിസ്ഥാനത്തില്‍ വീതം വെക്കാന്‍ തുടങ്ങിയിട്റ്റ് അധികം ആയിട്ടില്ല. യു. ഡി. എഫ് സംവിധാനം രാഷ്ട്രീയമായി ദരിദ്രം ആയതിന്റെ അനന്തര ഫലം ആയിരുന്നു അത്.
ഈ തിരഞ്ഞെടുപ്പ് ജയിച്ചത് മുതല്‍ നമ്മള്‍ കണ്ടത് വളരെ നീചമായ ജാതി തിരിച്ചുള്ള ചര്‍ച്ചകള്‍ ആണ്. ഓരോരോ മന്ത്രിയെയും ജാതി തിരിച്ചു തീരുമാനിച്ചപ്പോള്‍, കഴിവുള്ള, ജനത്തിന് ഉപകാരപ്പെടുമായിരുന്ന പലരും പുറത്തായി. സ്വന്തം ജാതിയില്‍ നിന്നും മന്ത്രി ഇല്ലെങ്കില്‍ ആ സമുദായം ഒന്നടങ്കം എതിരാവും എന്നുള്ള ഈ തിയറി, എങ്ങിനെ ആണ് കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ തലയില്‍ കയറി പറ്റിയത്?? മുസ്ലിം ലീഗ് അവരുടെ നില വളരെ ശക്തിപെടുത്തി എന്നത് മാറി നിര്‍ത്തിയാല്‍ കേരളത്തില്‍ പൊതുവേ നല്ല സ്ഥാനാര്‍ഥികള്‍ മാത്രം  ജയിച്ച ഒരു തിരഞ്ഞെടുപ്പ് ആയിരുന്നു ഈക്കഴിഞ്ഞത്. എ. കെ. ആന്റണി, അദ്ദേഹത്തെ കെട്ടു കെട്ടിച്ചവരെ ജയിപ്പിക്കാന്‍ കഠിനാദ്ധ്വാനം ചെയ്യ്തില്ലായിരുന്നു എങ്കില്‍, യു. ഡി. എഫ് പ്രതിപക്ഷത്ത് തുടരുകയും, യു. ഡി. എഫിലെ പാര്‍ട്ടികളുടെ എണ്ണം കുറയുകയും ചെയ്യ്തെന്നെ. യു. ഡി. എഫ് സ്ഥാനാര്‍ഥി  നിര്‍ണയം തന്നെ പാളിയ ഒരു തെരഞ്ഞെടുപ്പില്‍, ഒരു 20 സീറ്റ്‌ എങ്കിലും തോറ്റത് നേതൃത്വത്തിന്റെ പിടിപ്പ്‌കേടു കൊണ്ട് മാത്രമാണ്.


ചാലക്കുടി, കോഴിക്കോട് നോര്‍ത്ത്, വൈപ്പിന്‍, കുന്നംകുളം, ചേര്‍ത്തല, കായംകുളം, ആലപ്പുഴ, നെന്മാറ, തവന്നുര്‍, കൊയ്ലാണ്ടി, കൊല്ലം ജില്ലയിലെ പല സീറ്റുകള്‍, കോഴിക്കോട് ജില്ലയിലെ ചില സീറ്റുകള്‍ ഒക്കെ ഉദാഹരണങ്ങള്‍. 

മുന്പ് കെ കരുണാകരനും എ കെ ആന്റണിയും കോണ്‍ഗ്രസില്‍ ശക്തമായ 2  ഗ്രൂപുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. അന്നൊന്നും ആരും അത് ഹിന്ദു - ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ ആയി ചിത്രീകരിച്ചില്ല. കാരണം, ഈ 2 നേതാക്കന്മാര്‍ക്കും വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു. വര്ഗ്ഗീയത അവര്‍ ഒരിക്കലും മേല്‍കൈ നേടാനുള്ള ആയുധം ആയി ഉപയോഗിച്ചില്ല. കേരളം മുഴുവന്‍ സ്വീകാര്യത ഉള്ള നേതാക്കന്മാര്‍ ആയിരുന്നു ഇരുവരും.
ഇന്നത്തെ സ്ഥിതി അതല്ല. ഇപ്പോഴത്തെ കോണ്‍ഗ്രസ്‌ നേതാക്കന്മാരില്‍ കേരളം മുഴുവന്‍ സ്വീകാര്യത ഉള്ളവര്‍ കുറയും. തിരു-കൊച്ചിയില്‍ മാത്രം ശക്തമായ വേരോട്ടം ഉള്ള നേതാക്കന്മാര്‍ ആണ് ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭൂരിഭാഗവും. അത്തരം നേതാക്കന്മാര്‍ കോണ്‍ഗ്രസില്‍ മേല്‍കൈ നേടാന്‍ കണ്ടെത്തിയ എളുപ്പ വഴിയാണ് സാമുദായിക സന്തുലനം. സ്വന്തക്കാരെ അധികാരത്തില്‍ എത്തിക്കാനും ഇഷ്ടമില്ലാത്തവരെ പുറത്ത് നിര്‍ത്താനും സാമുദായിക സന്തുലനത്തെക്കള്‍ എളുപ്പവഴിയില്ല. അതുകൊണ്ടാണ് മുന്ന് തവണ ജയിച്ച വി ഡി സതീശന്‍ എം.എല്‍. എ യും, ആദ്യ തവണ ജയിച്ച ശിവകുമാര്‍ മന്ത്രിയും ആയതിന്റെ പൊരുള്‍. 

പറഞ്ഞു വരുന്നത്, എന്ത് കൊണ്ടാണ് സാമുദായിക സന്തുലനം വലത് രാഷ്ട്രീയത്തില്‍ വളരെ പ്രസക്തം എന്നുള്ളതാണ്. അത് നേതാക്കന്മാരുടെ നിലനില്പിന്നും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും വേണ്ടി മാത്രമാണ്. അതിന്നപ്പുറം ഒരു പ്രസക്തിയും അതിനില്ല. ഉമ്മന്‍ ചാണ്ടിയെ പോലെ, സമാരാധ്യന്‍ ആയ ഒരു നേതാവ്, ഒരു വകുപ്പ് മാറ്റി നല്‍കിയാല്‍ ഒരു സമുദായം സന്തോഷിക്കും എന്ന് വരെ ചിന്തിക്കുന്ന തരത്തില്‍ , കോണ്‍ഗ്രസ്‌ നേതൃത്വം തരം താണു പോയി. 
(പിന്‍ കുറിപ്പ് : നായര്‍ സമുദായത്തിന് മേല്‍കൈ ഉണ്ട് എന്ന് പറയപെടുന്ന, നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് ജയിക്കാനും അത് വഴി മുഖ്യമന്ത്രി കസേര ഉറപ്പിക്കാനും അദ്ദേഹം കണ്ടെത്തിയ മുറിവൈദ്യമാണ് ഈ വകുപ്പ് മാറ്റം എന്ന് ചില ശത്രുക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്.).

ഇനി സാമുദായിക സംഘടനകളുടെ സ്ഥിതി നോക്കാം...
സാമുദായിക നേതൃത്വം നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥി എന്ന പേരിനു വേണ്ടി സാമുദായിക നേതാക്കന്മാരുടെ വീടുപടിക്കല്‍ കാവല്‍ കിടക്കാന്‍ വരെ ചില നേതാക്കന്മാര്‍ തയ്യാറാണ്. അങ്ങിനെ വന്ന പലരും, കഴിഞ്ഞ തെരഞ്ഞടുപ്പില്‍ തോറ്റു തോപ്പിയിട്ടും ഉണ്ട്. എന്നിട്ടും, ഞങ്ങള്‍ ആണ് കേരളം ഭരിക്കുന്നത് എന്ന ഒരു ധാര്‍ഷ്ട്യം പൊതുവേ എല്ലാ സാമുദായിക നേതാക്കന്മാരും കാട്ടി വരുന്നു. സൌമ്യമായി സംസാരിക്കുന്ന ഒരു സാമുദായിക നേതാവിനെ കണ്ടു കിട്ടാന്‍ പ്രയാസം ആയി വരുന്നു. 

കേരളത്തില്‍ എല്ലാ സാമുദായിക സംഘടനകളും, വലിയ കച്ചവട സ്ഥാപനങ്ങള്‍ ആണ്. കോളേജ്, സ്കൂള്‍, ആശുപത്രികള്‍, പ്രൊഫഷണല്‍ കോളേജ്, അനാഥ ആലയങ്ങള്‍, ബ്ലേഡ് കമ്പനി, ഹോസ്റ്റല്‍ അങ്ങിനെ സാമുദായിക സംഘടനകള്‍ കുത്തക ആക്കി വെച്ചിരിക്കുന്ന മേഖലകള്‍ അനവധി ആണ്. ക്യാബിനെറ്റില്‍ സ്വന്തക്കാര്‍ ഇല്ലെങ്കില്‍, സ്വന്തം കച്ചവട താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുമോ എന്നുള്ള പേടിയില്‍ കവിഞ്ഞ ഒരു  ആശങ്കയും സാമുദായിക നേതൃത്വങ്ങള്‍ക്ക് ഇല്ല. ശക്തരായ മന്ത്രിമാര്‍ അധികാരത്തില്‍ വരുന്നത്, അവരുടെ തന്നിഷ്ടം നടപ്പില്‍ വരുത്തുന്നത് തടയും എന്നും ഈ സംഘടനകള്‍ ഭയക്കുന്നു. രാഷ്ട്രീയ നേതൃത്വവും സാമുദായിക നേതൃത്വവും തമ്മില്‍ ഉള്ള "അന്തര്‍ധാരകള്‍", ജനം തിരിച്ചറിയാതെ ഇരിക്കാന്‍ ഉള്ള ചെപ്പടി വിദ്യകള്‍ മാത്രമാണ് പോര്‍വിളികളും, മറുപടികളും. 


ഈ സംസ്ഥാനത്തിന്റെ  പൊതുസമൂഹത്തിന്നെ നോക്കി കൊഞ്ഞനം കുത്തുകയാണ് വിടെത്തെ പാര്‍ട്ടികളും സംഘടനകളും. ഈ സ്ഥിതി മാറാന്‍, പൊതു സമൂഹം കൂടി വിചാരിക്കണം. ജാതിക്കും, മതത്തിനും അപ്പുറം, രാഷ്ട്രീയമായി കാര്യങ്ങള്‍ നോക്കി കാണുന്നവരാണ് നമ്മള്‍ എന്ന് ഇവിടത്തെ രാഷ്ട്രീയ നേതൃത്വത്തെ മനസ്സിലാക്കി കൊടുക്കേണ്ട സ്ഥിതി വിശേഷം സംജാതമായിടുണ്ട്. നമ്മുടെ കടമ നിറവേറ്റാന്‍ നമ്മള്‍ തയ്യാറായില്ല എങ്കില്‍, ഈ നാട്ടിലെ ജനാധിപത്യം ദുര്‍ബലമാവും. ആ ദുസ്ഥിതി ഒഴിവാക്കാന്‍ നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം. 

ജയ് ഹിന്ദ്‌ !!!


No comments:

Post a Comment