Wednesday, August 1, 2012

യു. പി യിലേക്കുള്ള ദൂരം വല്ലാതെ കുറയുന്നുവോ? - ചില കോണ്‍ഗ്രസ്‌ പക്ഷ ചിന്തകള്‍

കഴിഞ്ഞ ദിവസങ്ങളില്‍ കേരളം ചില വിചിത്ര കാഴ്ചകള്‍ക്ക് സാക്ഷിയായി..
വലതു പക്ഷ നിലപാടുകള്‍ക്ക് പേരും പഴിയും കേട്ട ഒരു പ്രമുഖ ദിനപത്രവും, ഇടത് പക്ഷ ചായ്‌വ് വിന് പേര് കേട്ട ഒരു സാമുദായിക സംഘടനയുടെ നേതാവും മലയാള ഭാഷക്ക് വളരെ സംഭാവനകള്‍ നല്‍കണം എന്ന് ആഗ്രഹമുള്ള ഒരു ഭാഷ സ്നേഹിയും ആയ കേരളത്തിലെ ഒരു പ്രമുഖ വ്യവസായിയും  ഒരുമിച്ച് ജനപിന്തുണയുടെ കാര്യത്തില്‍ ആദ്യ മുന്ന് സ്ഥാനത്തില്‍ ഒന്നില്‍ വരുന്ന ഒരു കോണ്‍ഗ്രസ്‌ നേതാവിനെ ഒരുമിച്ച് കടന്നാക്രമിക്കുന്ന ഒരു രസകരമായ കാഴ്ച.  ഈ വിദ്വാന്‍ 2 മാസം മുന്‍പേ നടന്ന തിരെഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ ഉത്സാഹിച്ച ആളാണ്. പെട്ടന്നാണ്, സര്‍ക്കാര്‍ അനുഭാവി ആയി മാറിയത് അതിന്റെ അടുത്ത ദിവസം, അദ്ദേഹത്തിന്റെ ഒരു വ്യവസായത്തിന് അനുകൂലമായി ഒരു കോടതി വിധി വന്നത്, ദൈവം പോലും അദ്ദേഹത്തിന്റെ കൂടെ എന്നതിന്റെ ദ്രഷ്ടാന്തം ആയി കണക്കാം. 

എന്താണ് പ്രകോപനം?? -- കേരളത്തിലെ ചില മന്ത്രിമാര്‍ കഴിവ് കേട്ടവര്‍ ആണ് എന്ന കേരളത്തിലെ നാല് പേര്‍ കൂടുന്നിടത്തൊക്കെ കേള്‍ക്കുന്ന വായ്ത്താരി, പാര്‍ട്ടി യുവജന സംഘടനയുടെ സമ്മേളനത്തില്‍ പലതും പറഞ്ഞ കൂട്ടത്തില്‍ പറഞ്ഞു. 

രാജാവിനെക്കാള്‍ വലിയ രാജഭക്തി വളരെ വേണ്ടൊരു പ്രസ്ഥാനം ആണ് കോണ്‍ഗ്രസ്‌. അത് 1966 മുതല്‍ അങ്ങനെ തന്നെ ആണ്. നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രപതി പോലും ഇതിന്റെ പേരില്‍ പിണങ്ങി പുറത്തു പോയി സ്വന്തം സംരഭം തുടങ്ങി പിന്നെ തിരിച്ചു വന്ന്‍ സാഹചര്യങ്ങള്‍ നന്നായി വിനിയോഗിച്ച ഒരാളാണ്.സ്വന്തം രാഷ്ട്രപതി സ്ഥാനാര്‍ഥിയെ വരെ തോല്‍പ്പിച്ച പാര്‍ട്ടി ആണ് കോണ്‍ഗ്രസ്‌. പറഞ്ഞു വന്നത് ശക്തമായ തിരുത്തല്‍ പാരമ്പര്യം കോണ്‍ഗ്രസിന്‌ ഉണ്ട്. വിമര്‍ശിക്കുന്ന ആരെയും പുറത്താക്കുകയോ ഒറ്റപെടുത്തുകയോ ഒന്നും കോണ്‍ഗ്രസിന്റെ  പതിവും രീതിയും അല്ല. ഇത്രമേല്‍ ഉള്‍പാര്‍ട്ടി  ജനാധിപത്യം ഉള്ള മറ്റൊരു പാര്‍ട്ടിയും രാജ്യത്തില്ല.

കേരളത്തിലെ കഥ എടുക്കാം. കേരളത്തിലെ പ്രമുഖ നേതാക്കന്മാര്‍ എല്ലാവരും തന്നെ പാര്‍ട്ടി വിട്ട് പുറത്ത് പോയി കാര്യങ്ങള്‍ തിരിച്ചറിഞ്ഞു വന്നവര്‍ ആണ്. കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി മാരെ പുകച്ച് പുറത്ത് ചാടിക്കാന്‍ മുന്‍കൈ എടുത്തവര്‍ പലരും ഇന്ന് ആ സ്ഥാനത്തും മറ്റു പ്രമുഖ സ്ഥാനങ്ങളും അലങ്കരിക്കുന്നു.

അപ്പോള്‍ പിന്നെ ഒരു പഞ്ചായത്ത്‌ അംഗം പോലും അല്ലാത്ത ഒരാള്‍ വിമര്‍ശിച്ചാല്‍ എന്താണ് ഇത്ര  വലിയ  പ്രശ്നം??

ആ പ്രശ്നം ആണ് കോണ്‍ഗ്രസിന്റെ പ്രശ്നം. കേരള രാഷ്ട്രീയത്തിന്റെ പ്രശ്നം. ആരാണ് കേരളത്തിലെ വലത് പക്ഷം എന്ന ചോദ്യത്തിന് സി.പി.എം എന്ന ഉത്തരം ഉയരുന്ന ഒരു കാലഘട്ടത്തില്‍ ആണ് നമ്മള്‍. ഈ സാഹചര്യം മുതല്‍ എടുത്ത് കേരളം ചിലര്‍ക്ക് തീറു കൊടുക്കാന്‍ അധികാരത്തില്‍ ഉള്ള ചിലര്‍ക്ക് വലിയ തിടുക്കം. പാടമായും കാടായായും എസ്റ്റേറ്റ്‌ ആയും, ബാറായും, പട്ടയമായും, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ വകുപ്പുകള്‍ ആയും പറ്റാവുന്ന രീതികളില്‍ വലിയ നഷ്ടം ഇല്ലാതെ നടത്തി കൊണ്ട് പോവുമ്പോള്‍ ആണ് ഒരു മനുഷ്യന്റെ ഒറ്റയാള്‍ പോരാട്ടം.

 പൊതുവില്‍ നമ്മുടെ കൂടെ നില്‍കുന്ന മാധ്യമ സിണ്ടികെട്റ്റ്, ഈ മനുഷ്യന്‍ ഓരോന്ന് പറയുമ്പോള്‍ അദ്ദേഹത്തിനും ഒരു ചെവി കൊടുക്കുന്നു. സ്ഥാനമോഹിയായ ഒരു മനുഷ്യന്റെ വിലാപങ്ങള്‍ എന്നും പറഞ്ഞു നാണം കെടുത്താം എന്ന ചാണക്യ തന്ത്രം പയറ്റി തുടങ്ങിയിട്ട് കുറച്ച കാലം ആയി. വിലപോവുന്നില്ല. അങ്ങിനെ ആവാം പത്രത്തെയും സമുദായ നേതാവിനെയും കൂട്ട് പിടിക്കാന്‍ ആലോചിച്ചത്. കൂടാതെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ചിലര്‍ സ്വരാജ് ന്റെ പ്രയോഗം വരെ കടം എടുത്ത് (ഏത് , കാപിറല്‍ പണിഷ്മെന്റ്) വിചാരണയും നടത്തി. കക്കാന്‍  സമ്മതിക്കില്ല എങ്കില്‍ ഇറങ്ങി പോവു ഹേ  എന്നാണ് രത്ന ചുരുക്കം. അവരെ കുറ്റം പറയുക വയ്യ.. 2G, കോമണ്‍ വെല്‍ത്ത്, ആദര്‍ശ്, ഖനി, ലോക്പാല്‍, വിദേശ കള്ളപണം തുടങ്ങിയ വിഷയങ്ങളില്‍ ഉള്ള നിലപാടുകള്‍ കണ്ട് അണികള്‍ അതാണ്‌ ദിശ എന്നും ധരിച്ചിരിക്കാം.

കോണ്‍ഗ്രസിന്റെ യുവനേതാവ് ശ്രീ. രാഹുല്‍ ഗാന്ധി യു.പി.യിലും ബീഹാറിലും നടത്തിയ ഇലക്ഷന്‍ പരിക്ഷണങ്ങള്‍ തോല്‍ക്കാന്‍ കാരണം ജനത്തിന്റെ അറിവിലായ്മയയും കാര്യങ്ങള്‍  മനസ്സില്‍ ആക്കാന്‍ ഉള്ള പരിമിതികളും ആണ് എന്ന രീതിയില്‍ സംസാരം ഉണ്ട്. ശരിയാവാം.പക്ഷെ സ്വന്തം മണ്ഡലം അടക്കം എല്ലായിടത്തും പരാജയപെട്ടു. രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ രീതികളും അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരെയും ഒക്കെ മാറിയില്ല ഇല്ലെങ്കില്‍ 89 ലെ ഫലം തന്നെയാവും ഫലം.
 പക്ഷെ, അദ്ദേഹത്തിന്റെ അനുചരന്മാര്‍ എല്ലാവരും അദ്ദേഹം ആണ് ശരി, ജനം ശരിയല്ല എന്ന രീതിയില്‍ നടത്തുന്ന പ്രചരണം അവര്‍ക്ക് ജനാധിപത്യം എന്ന സമ്പ്രദായത്തില്‍ ഉള്ള അവരുടെ അറിവിലായ്മ ആണ് കാണിക്കുന്നത്. ഇത്തരക്കാരുടെ സഹവാസം, ഈ രാജ്യം ഭരിക്കുക്ക എന്ന ദൈവിക ദൗത്യം (നെഹ്‌റു കുടംബത്തില്‍ ജനിക്കുക്ക എന്ന ഭാഗ്യം തന്നത് ദൈവം അല്ലേ) പാരമ്പര്യമായി കിട്ടിയ രാഹുലിന് ദോഷം ചെയ്യും. അദ്ദേഹം, എത്രയും പെട്ടന്ന്‍ ശൈലിമാറ്റം വരുത്തി ജനങളുടെ ഹൃദയത്തില്‍ സ്ഥാനം നേടാന്‍ ശ്രമിക്കണം. അദ്ദേഹത്തിനെ കാണാന്‍ തിക്കിതിരക്കുന്നവര്‍ അല്ല ജനം എന്നും, വലിയൊരു വിഭാഗം അദ്ദേഹത്തിനെ ചുളിഞ്ഞ പുരികകൊടി വെച്ച് നോക്കുന്നുണ്ട് എന്നും മനസിലാക്കുന്നത് നന്നായിരിക്കും -- അദ്ദേഹത്തിനും, അദ്ദേഹം ഭരിക്കാന്‍ സാധ്യത ഉള്ള ഈ രാജ്യത്തിനും.

ഇനി ചില ചില്ലറ കണക്കുകള്‍  

2001 ലെ തിരഞ്ഞെടുപ്പില്‍ കിട്ടിയത് 88 ല്‍  63 സീറ്റ്‌ (71% ശതമാനം വിജയം). മുന്നണിയിലെ ഘടക കഷികള്‍ നേടിയത് 36 സീറ്റ്‌ - ആകെ 99 സീറ്റ്‌. 

2011 ലെ തിരഞ്ഞെടുപ്പില്‍ കിട്ടിയത്  82 ല്‍  39 സീറ്റ്‌ (47% ശതമാനം വിജയം). മുന്നണിയിലെ ഘടക കഷികള്‍ നേടിയത് 34 സീറ്റ്‌ - ആകെ 73 സീറ്റ്‌. ഘടകക്ഷിയില്‍ SJD എന്നൊരു പ്രബല വിഭാഗം കൂടി വന്നു ചേര്‍ന്നു.

24 സീറ്റിന്റെ അഥവാ 38% സീറ്റിന്റെ കുറവ്. 

കേരളം രണ്ടായി വിഭജിച്ചാല്‍, വടക്കന്‍ പാതിയില്‍ 73 മണ്ഡലങ്ങള്‍. അതില്‍ കോണ്‍ഗ്രസ്‌ ജയിച്ചത് 16 സീറ്റില്‍. വടക്കന്‍ കേരത്തിലെ കോണ്‍ഗ്രസിന്റെ ശക്തികുറവ് വളരെ പ്രകടം ആണ്. ഇതാണ് പ്രധാന പ്രശ്നവും. കോണ്‍ഗ്രസ്‌ പാര്‍ട്ടി ശ്രമിക്കേണ്ടത്‌, 70 സീറ്റ്‌ എന്ന സംഖ്യയില്‍ എത്താന്‍ ആണ്. കുറഞ്ഞത് 60 സീറ്റ്‌ എങ്കിലും സ്വന്തം ജയിക്കണം. പക്ഷെ ഇപ്പോഴത്തെ പാര്‍ട്ടി നേതൃത്വത്തിന് താല്പര്യം ഘടകകക്ഷികളെ (ഒരു മാതിരി എല്ലാ ഘടകകക്ഷികളും വര്‍ഗ്ഗീയ പാര്‍ട്ടികള്‍ ആണ്. അല്ലാത്ത 3 ല്‍  2 പാര്‍ട്ടിയും തോറ്റു )  കൂട്ട് പിടിച്ച് അധികാരത്തിലേക്കുള്ള കുറുക്ക് വഴികള്‍ തേടാന്‍ ആണ് പാര്‍ട്ടി ശ്രമിച്ചത്. കോണ്‍ഗ്രസിന്റെ ദൌര്‍ബല്യം മുതലെടുക്കാന്‍ സാമുദായിക സംഘടനകളും ശ്രമിക്കുന്നു. സാമുദായിക സംഘടനകളുടെ ലിസ്റ്റ് ആണ് മന്ത്രിസഭ ലിസ്റ്റ് ആയി മാറിയത്. ഈ മൃദു സമീപനവും ആയി എത്ര നാള്‍ മുന്‍പോട്ടു പോവും. 

എന്ത് കൊണ്ട് തോറ്റു എന്ന് പഠിക്കാന്‍ ഒരു കമ്മിറ്റി രൂപികരിക്കുക. എന്നിട്ട്, ആ കമ്മിറ്റി യുടെ നിഗമനം ചര്‍ച്ച പോലും ചെയ്യണ്ട എന്ന് തീരുമാനിക്കുക. ഇതൊക്കെയാണ് ഇവിടെ  സംഭവിച്ചത്.
ആരും ചോദിക്കാനും പറയാനും ഒന്നുമില്ലാത്ത ഒരു അവസ്ഥ. 

ഈ അവസ്ഥക്ക് എതിരെ ശബ്ദം ആര് ഉയര്‍ത്തിയാലും അവരെ ഒറ്റപെടുത്തുക എന്നൊരു തന്ത്രവും വിജയകരമായി നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നുണ്ട്. എല്ലാറ്റിനും ഹൈക്കമാണ്ട്  പിന്തുണയും ഉണ്ട് എന്നാണ് വെയ്പ്. കേരളത്തില്‍ നിന്നും കേന്ദ്രത്തില്‍ പോയ വലിയ നേതാക്കന്മാരുടെ ഞാന്‍ ഈ നാട്ടുകാരനേയല്ല എന്ന സമീപനവും പിന്തുണയായി കണക്കില്‍ എടുക്കാം. അങ്ങിനെ പാര്‍ട്ടിയും ജനങ്ങളും ഗവ. ഉം പല പല തട്ടില്‍  ഒരു  കാഴ്ച ആണ് കേരളത്തില്‍.
ഈ സ്ഥിതി മുതല്‍ എടുക്കാനും മുതല്‍ കൂട്ടാനും വലിയ വലിയ പണച്ചാക്കുകളും സാമുദായിക സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളും ഉത്സാഹിക്കുന്നു. ഗവ. ഇല്‍  അവരുടെ പ്രതിനിധികള്‍ കാര്യങ്ങള്‍ എളുപ്പമാക്കുന്നു. മദ്യശാലകള്‍ക്ക് അനുകൂലമായി വന്ന വിധി യാദൃച്ചികം ആകാന്‍ സാധ്യത കുറവാണ്. വനം, എസ്റ്റേറ്റ്‌, നെല്‍വയല്‍ ഇതിലൊക്കെ തന്നെ ജനപക്ഷം തോറ്റത്  ജനകീയ സര്‍ക്കാരുകള്‍ കാട്ടിയ വലിയ ശുഷ്കാന്തിയുടെ പരിണിത ഫലം അല്ല എന്ന് പറയാന്‍ കഴിയുമോ?


ഈ രീതില്‍ ആണ് പോക്ക് എങ്കില്‍ യു.പി. ലേക്ക് അധികം ദൂരം ഇല്ല... ഒന്നോ രണ്ടോ തിരഞ്ഞെടുപ്പ് കൂടി..

പോംവഴികള്‍

1. മക്കള്‍ രാഷ്ട്രീയം കുറകുക. അതിന്റെ പേരില്‍ കയറി പറ്റാന്‍ തയ്യാറായി കുറെ പെട്ടി പിടുത്തക്കാരും, ഓശാന പാട്ടുകാരും ഇറങ്ങും. ഇവരൊക്കെ കൂടി പാര്‍ട്ടിയെ വീണ്ടും ദുര്‍ബലമാക്കും.

2. വടക്കന്‍ കേരളത്തിലെ 7 ജില്ലകളില്‍ ശക്തമായ രീതിയില്‍ പാര്‍ട്ടി പുനര്സംഘടിപ്പിക്കുക. കഴിയുമെങ്കില്‍ സ്ഥിരം മുഖങ്ങള്‍ ഒഴിവാക്കി വേണം കമ്മിറ്റി ഉണ്ടാക്കാന്‍.

3. 5 തവണയില്‍ കൂടുതല്‍ ഒരേ സ്ഥാനത്തേക്ക് മത്സരിച്ചവര്‍ക്ക് വിശ്രമം കൊടുക്കുക. 3 പേരില്‍ കൂടുതല്‍ അങ്ങനെ ഉള്ളവരെ  പരിഗണിക്കരുത്

4. 3 തവണയില്‍ കൂടുതല്‍ ആരെയും മന്ത്രി ആക്കരുത്. ജനാധിപത്യം എല്ലാവര്ക്കും അവസരം കൊടുക്കാന്‍ കൂടി ഉള്ളതാണ്. ചില കുടുംബങ്ങള്‍ക്ക് വേണ്ടി മാത്രം അല്ല.

5. ഘടക കക്ഷികള്‍ പലതും നാടിന്പുറത്തെ പലചരക്ക് കട പോലെയാണ്. ഒരു  കുടുംബത്തിന്റെ  വയറ്റിപിഴപ്പ് എന്നതില്‍ ഉപരി ഒരു ഗുണവും ഇല്ല. അത്തരം പാര്‍ട്ടികളെ ഒഴിവാക്കുക.

6. പാര്‍ട്ടി ജനപക്ഷത്ത് ഉറച്ച് നില്‍ക്കുക. അരമനയിലും ചങ്ങനാശ്ശേരിയിലും ചേര്‍ത്തലയിലും പാണക്കാടും ഒക്കെ പോയി തൊഴുത്‌ ഭരണം നടത്തുന്നതിലും നല്ലത് ജനപക്ഷം പിടിക്കുന്നതാണ്

7. നല്ല സ്ഥാനാര്‍ഥികളെ തിരഞ്ഞെടുപ്പില്‍ നിറുത്തുക. ജാതി-മത-ഗ്രൂപ്പ്‌ സ്ഥാനാര്‍ഥികള്‍ പലരും പിന്നീട് പ്രകടനത്തില്‍ പിറകോട്ടു പോയേക്കാം.

8. അഴിമതി നിര്‍മാര്‍ജ്ജനം ഒരു പ്രസംഗ വിഷയം മാത്രം ആക്കി ഒതുക്കി നിറുത്താതെ, പ്രവര്‍ത്തിയില്‍ കൊണ്ട് വരിക.

9. വര്‍ഗ്ഗീയ പ്രീണനം അവസാനിപിച്ച്, എല്ലാവരെയും തുല്യരായി കണക്കാക്കി ആവശ്യക്കാരുടെ ആവശ്യങ്ങള്‍ തുല്യമായി  നടപ്പില്‍ വരുത്തുക

10. പാര്‍ട്ടിയില്‍ പുത്തന്‍ സമൂഹത്തിന്റെ പ്രതിനിധികളെ കൂടി --- അഭ്യസ്തവിദ്യരായ, തൊഴില്‍ പരിചയം ഉള്ള, ആഗോള കാഴ്ചപാടുകള്‍ ഉള്ള ആളുകളെ ---- ഉള്‍പെടുത്തുക. നമ്മുടെ സ്വപ്‌നങ്ങള്‍ കൂടുതല്‍ വേഗത്തില്‍ നടപ്പില്‍ വരുത്താന്‍ അവര്‍ക്ക് സഹായിക്കാന്‍ കഴിയും


ജയ് ഹിന്ദ്‌!!!



















3 comments:

  1. ഞാന്‍ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ്‌ ആണെങ്കിലും താങ്കളുടെ പോസ്റ്റിലെ ആത്മാര്‍ഥതക്ക് salute. ഇനിയും എഴുതൂ.. ആശംസകള്‍

    ReplyDelete
  2. Dear Nissaran, Thank you for the comment...I will definitely strive to live up to expectations

    ReplyDelete