Saturday, September 22, 2012

ചില സബ്സിഡി ചിന്തകള്‍..


പാചകവാതകം സബ്സിഡി തരേണ്ട ഒന്നല്ല എന്നാണ് കേന്ദ്ര ഗവ. തീരുമാനം. പണ്ട് വിറകും മണ്ണെണ്ണയും ഒക്കെ ആയി കഴിഞ്ഞ നമുക്ക് പുക രഹിത അടുക്കളകള്‍ സമ്മാനിച്ചത് പാചക വാതക കുറ്റികള്‍ ആണ്. ഇന്നിപ്പോള്‍ ഗ്യാസ് ഇല്ലാത്ത ഒരു ദിവസം മലയാളിക്ക് അചിന്ത്യം. 
അങ്ങനെ ഇരിക്കുമ്പോള്‍ സര്‍ക്കാര്‍ പറയുന്നു, പാചക വാതക സബ്സിഡി കാരണം സര്‍ക്കാരിന്റെ നടു ഒടിഞ്ഞു എന്ന്. ചില മറു ചോദ്യങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികം. ജനാധിപത്യം ആയത് കൊണ്ട്, അത് ഉറക്കെ ചോദിക്കുകയും ആവാം. എന്റെ ചോദ്യങ്ങള്‍ ഇതൊക്കെ ആണ്. 

പാചക വാതകം (ഗാര്‍ഹിക ഉപയോഗത്തിന് ഉള്ള ചുമപ്പ് കുറ്റി) നല്ലൊരു പങ്ക്, കരിഞ്ചന്തയില്‍ പോവുന്നുണ്ട് എന്നുള്ളത് നഗ്ന സത്യം അല്ലെ. അത് തടയാന്‍ ഒരു ശക്തമായ നടപടി ഉണ്ടായാല്‍ തന്നെ ഒരു മുപ്പത് ശതമാനം സബ്സിഡിയുള്ള വാതക ഉപയോഗം കുറയും. അതിനു പക്ഷെ ഒരു താല്‍പര്യവും ഗവ. കാടുന്നില്ല. 

ആദായ നികുതി ആണ് പൊതുവില്‍ ഒരു രാജ്യത്തിന്റെ പ്രധാന വരുമാനം. നമ്മുടെ രാജ്യത്ത്, പിരിച്ചെടുക്കാവുന്ന നികുതിയുടെ പകുതി എങ്കിലും പിരിക്കുന്നുണ്ടോ? നികുതി വെട്ടിപ്പുകാരന്റെ പറുദീസാ അല്ലെ നമ്മുടെ രാജ്യം? എന്ത് കൊണ്ട് ഗവ. നികുതി പിരിക്കല്‍ ഒരു പ്രധാന ചുമതല ആയി കാണുന്നില്ല??

കള്ളപ്പണം ആണ് ഈ രാജ്യത്തിന്റെ പ്രധാന പ്രശ്നം. കേരളത്തില്‍ തന്നെ, കള്ളപ്പണത്തിന്റെ സ്വാധീനം വളരെ പ്രകടം അല്ലെ. കള്ളപ്പണം നിയന്ത്രിക്കാന്‍ എന്ത് കൊണ്ടാണ് ഗവ. ഒരു താല്‍പര്യവും കാണിക്കാത്തത്? 

ഈ നാട്ടില്‍ സബ്സിഡി യുടെ ഗുണഭോക്താക്കള്‍ ആരാണ്? അര്‍ഹതയുള്ളവര്‍ ഒരു ഇരുപത്തിയഞ്ച് ശതമാനം വരും. ബാക്കി മുഴുവന്‍ അര്‍ഹത ഇല്ലാത്തവര്‍ അല്ലെ? ഈ നാട്ടിലെ റേഷന്‍ സംവിധാനം തന്നെ കരിഞ്ചന്ത പ്രോത്സാഹിപ്പിക്കാന്‍ ഉള്ളത് പോലെ അല്ലെ? റേഷന്‍ കാര്‍ഡ്‌ കൊടുക്കുന്നതില്‍ എന്തെങ്കിലും ഒരു ശ്രദ്ധ ഗവ. കാട്ടുന്നുണ്ടോ? വാരിക്കോരി കൊടുത്ത് വോട്ടുകള്‍ ഉറപ്പിക്കുന്നു. 

കരി, പ്രകൃതി വാതകം, ധാതുമണല്‍, ടെലികോം -- തുടങ്ങിയ ഗവ. വലിയ ലാഭം നല്‍കുന്ന മേഖലകള്‍ സ്വകാര്യ വല്ക്കരിക്കാന്‍  എന്തിന്നു ഗവ. അത്യുത്സാഹം കാട്ടി? ഗവ. നഷ്ട കച്ചവടം മാത്രം ചെയ്യേണ്ട ഒരു സ്ഥാപനം ആണ് എന്ന മുന്‍ വിധി എന്തിനാണ്? ? എന്ത് കൊണ്ട്, ഗവ. ഈ മേഖലകളില്‍ നിന്നും കിട്ടാവുന്ന പരമാവധി വരുമാനത്തിന് ശ്രമിക്കുന്നില്ല?? 

സബ്സിഡി നടു ഒടിക്കുന്നു എന്ന് വിലപിക്കുന്ന ഗവ. ഇലക്ഷന്‍ മുന്നില്‍ കണ്ടു വന്‍ പാക്കേജുകള്‍ പ്രഖാപിക്കുമ്പോള്‍, അത് അധിക ബാധ്യത അതും അനാവശ്യമായ ബാധ്യത ആണ് എന്ന് തോന്നാത്തത് എന്ത് കൊണ്ട്? 

വരുമാന സര്‍ട്ടിഫിക്കറ്റ് ആണല്ലോ എല്ലാ സബ്സിഡി യുടെയും അടിസ്ഥാന രേഖ?? എന്ത് കൊണ്ടാണ് അര്‍ഹതയില്ലാത്ത അനവധി പേര്‍ ബി.പി.എല്‍ പട്ടികയില്‍ കയറി കൂടുന്നത്? അതില്‍ ഗവ. രാഷ്ട്രീയം കണ്ട് ആ ലിസ്റ്റ് സുതാര്യമാക്കാന്‍ നടപടി എടുക്കാത്തത് എന്ത് കൊണ്ട്??

അടിസ്ഥാന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍, അതും നിലവില്‍ ഉള്ള നിയമങ്ങള്‍ നടപ്പില്‍ വരുത്തുന്നതില്‍, വളരെ ഗുരുതരം ആയ വീഴ്ചകള്‍ വരുത്തുന്ന ഗവ., സാമ്പത്തിക ഉന്നമനത്തിനു വേണ്ടി ജനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കും മുന്‍പേ, നിലവില്‍ നിയമം ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താനും ശിക്ഷിക്കാനും ശ്രമിക്കാത്തത് എന്ത് കൊണ്ട്?? 

സ്വന്തം കാര്യപ്രാപ്തി കുറവ് മറിച്ച് വെച്ച് പൌരന്റെ മേലുള്ള നികുതി ഭാരം കുട്ടുന്നത് ഒരു നല്ല സര്‍ക്കാരിനും ഭൂഷണം അല്ല. 

വെറുതെ ഒരു ചോദ്യം -- എന്നാണ് നിങ്ങളോട് അവസാനമായി ഒരു ട്രയിനിലെ സാധാരണ കമ്പാര്‍ട്ട്മെന്റില്‍ ഒരു ചെക്കര്‍ ടിക്കറ്റ്‌ ചോദിച്ചത് ?? ടിക്കറ്റ്‌ രഹിത യാത്രക്കാര്‍ റെയില്‍വേ ക്ക് ഒരു നഷ്ടവും വരുത്തുന്നില്ലേ?? ഇത് ഒരു ചെറിയ ഉദഹരണം മാത്രം. അങ്ങനെ, എത്ര എത്ര കാര്യങ്ങള്‍? 
സബ്സിഡി യെ ചൊല്ലിയുള്ള മുതല കണ്ണീര്‍ ഒഴുകുമ്പോള്‍, നിങ്ങള്‍ ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും -- നമ്മുടെ ഗവ. അന്‍പത് ശതമാനം എങ്കിലും കാര്യപ്രാപ്തിയോടെ ആണോ പ്രവര്‍ത്തിക്കുന്നത് എന്ന്. .. ഒരു പാട് ഉത്തരങ്ങള്‍ തരുന്ന ഒരു ചോദ്യം ആണ് അത്. 


3 comments:

  1. നമ്മുടെ ഗവ. അന്‍പത് ശതമാനം എങ്കിലും കാര്യപ്രാപ്തിയോടെ ആണോ പ്രവര്‍ത്തിക്കുന്നത്? അന്‍പതു പോയിട്ട് ഒരു ഇരുപതു ശതമാനം കാര്യപ്രാപ്തിയോടെ പ്രവര്‍ത്തിച്ചാല്‍ മതിയാരുന്നു.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. "Toute nation a le gouvernement qu’elle mérite" meaning Every country has the government it deserves.
    Yatha Praja Tatha Raja”.

    ReplyDelete