Saturday, January 5, 2013

മെട്രോ ചരിതം -- പുതിയ കാണ്ഡം

 വാസ്തവത്തില്‍ എന്താണ് കൊച്ചി മെട്രോ?? 
വികസന ദാഹം കൊണ്ട് വലഞ്ഞ ഒരു സമൂഹത്തിന്‍റെ നേരെ, രാഷ്ട്രീയ നേതൃത്വം എറിഞ്ഞ സുഗദമായ ഒരു സ്വപ്നമാണ് മെട്രോ. അതിനപ്പുറം അതിന് [അതിന്റെ ഇന്നത്തെ രീതിയില്‍]]]] [], വലിയൊരു പ്രയോജനം ഉണ്ട് എന്ന് തോന്നുന്നില്ല . അതിലും അതിശയിപ്പിക്കുന്നത്  അതിന്റെ വഴികള്‍ ആണ് ആലുവയില്‍ നിന്നും പുതിയ കണ്ടയ്നര്‍ റോഡ്‌ വഴി വന്നിരുന്നു എങ്കില്‍ അത് കൂടുതല്‍ സുഖമായി ഉണ്ടാക്കാമായിരുന്നു. തൃപുണിത്തുറ വരെ പോവാന്‍ വളരെ വീതിയുള്ള ബൈ പാസ്‌ റോഡ്‌ കിടക്കുമ്പോള്‍ എന്തിനാണ് എം. ജി റോഡ്‌ വഴി??? പണി തുടങ്ങുമ്പോള്‍ എം. ജി റോഡിലെ കച്ചവടങ്ങള്‍ മരിക്കും. കേരളം മുഴുവന്‍ എറണാകുളം വരെ വരുന്നത് ഷോപ്പിംഗ്‌ നടത്താനും ടൂറിസം ആവശ്യങ്ങള്‍ക്കും ആണ്. 
എറണാകുളത്തിന്റെ വലിയൊരു ജന വിഭാഗം താമസിക്കുന്നത് ദ്വീപുകളിലും [മുളവ്കാട് , വല്ലാര്‍പാടം വൈപ്പിന്‍, മറ്റു ദ്വീപുകള്‍]} പശ്ചിമ കൊച്ചിയിലും ആണ് [ ചെല്ലാനം, ഇട കൊച്ചി തുടങ്ങി മട്ടാഞ്ചേരി, ഫോര്‍ട്ട്‌ കൊച്ചി വരെ ഉള്ള ഭാഗങ്ങള്‍]}. ഇവിടെയൊന്നും മെട്രോ പരിഗണിക്കുന്നില്ല. എയര്‍പോര്‍ട്ടില്‍ നിന്നും മെട്രോ ഇല്ല 
ഏറ്റവും കൂടുതല്‍ ആളുകള്‍ പണിയെടുക്കുന്ന കാക്കനാട്, കിഴക്കമ്പലം, കരിമുഗല്‍ ഭാഗങ്ങള്‍ മെട്രോ പരിഗണിക്കുന്നില്ല.

പിന്നെ ആര്‍ക്കാനും വേണ്ടി, കുറെ നേതാക്കന്മാര്‍ക്ക് ഫ്ലെക്സ് അടിക്കാനും പ്രസംഗിച്ചു തകര്‍ക്കാനും വേണ്ടി ഒരു കേള്‍ക്കാന്‍ രസം ഉള്ള പ്രൊജക്റ്റ്‌. - അതിന്റെ അപ്പുറം ഈ നഗരത്തില്‍ ജീവിക്കുന്ന ഒരാള്‍ എന്ന നിലക്ക് ഞാന്‍ മെട്രോ കൊണ്ട് വലിയൊരു മാറ്റം പ്രതീക്ഷിക്കുന്നില്ല . 

ചുരുക്കത്തില്‍ 2 പഴംചൊല്ല് കൊണ്ട് കാര്യം പറയട്ടെ 
1. കാട്ടിലെ തടി, തേവരുടെ ആന - വലിയടാ വലി. 
2. ദീപസ്തംഭം മഹാശ്ചര്യം .. എനിക്കും കിട്ടണം പണം. 

ജനത്തിന്‌  ഉപകാരം ഉള്ള മെട്രോയെ പറ്റി ഉടനെ തന്നെ എഴുതാം ...

Monday, October 8, 2012

മാംഗോ പീപ്പിള്‍ ഇന്‍ ബനാന റിപബ്ലിക്

‎"മാംഗോ പീപ്പിള്‍ ഇന്‍ ബനാന റിപബ്ലിക്" -- സംഗതി കലക്കി. 

എന്താ ഒരു ഡയലോഗ് !!! (ഷാജി കൈലാസ് അടുത്ത പടത്തില്‍ എന്തായാലും ഉപയോഗിക്കും)..അഭിനന്ദിക്കു .. ആരാധിക്കു.. ബഹു മുഖ പ്രതിഭ ആണ് എന്ന് തെളിയിച്ചില്ലേ?? സാഹിത്യം, കച്ചവടം, പ്രണയം... എല്ലാത്തിലും നൂറില്‍ നൂറു മാര്‍ക്ക്.. ഇത് പോലെ ഒരാളെ വേറെ എവിടെ കിട്ടും ഈ രാജ്യത്ത്... മിടുക്കന്‍.. വെറുതെയല്ലേ ഈ മഹാ രാജ്യത്തിന്റെ അനൌദ്യോദിക ഉടമകളില്‍ ഒരാളായത്. 

കോണ്‍ഗ്രസ് സുഹൃത്തുകളെ, എന്തെങ്കിലും പറയാന്‍ ഉണ്ടോ?? 
എനിക്ക് ആകെ പറയാന്‍ രണ്ടേ രണ്ടു വാക്കുകള്‍ മാത്രം. .. "ഞാന്‍ ലജ്ജിക്കുന്നു" ..
ദന്ത ഗോപുരങ്ങളില്‍ ഇരുന്ന്‍ പൊതുജനം കഴുത എന്നാര്‍ത്ത് വിളിച്ചു സാധാരണക്കാരുടെ ജീവിതം എങ്ങനെ ഒക്കെ ദുസ്സഹം ആക്കാം എന്ന് ഗവേഷണം നടത്തുന്ന പലരെയും വഹിക്കുകയും സഹിക്കുകയും പല സ്ഥലത്തും ചിലപ്പോള്‍ അനുകൂലിക്കുക വരെ ചെയ്യേണ്ടി വരുന്നത് ഒരു വല്ലാത്ത ദുര്യോഗം തന്നെ.. 

ഇവിടെ വേണ്ടത്, സബ്സിഡി നിര്‍മാര്‍ജ്ജന വികസനം അല്ല. മറിച്ച്, സാധാരണക്കാരന്റെ ജീവിതം സുഗമം ആകുന്ന ഒരു ഇന്ത്യന്‍ മാതൃക ആണ്. 

അതിനു നമ്മള്‍ സമൂലമായൊരു മാറ്റം കൊണ്ട് വരണം. ഇന്ത്യന്‍ രാഷ്ട്രീയ-ഭരണ രംഗത്ത്, സാധാരണക്കാരന് വേണ്ടി സംസാരിക്കുന്ന ആളുകള്‍ വരണം. .. നിര്‍ഭാഗ്യവശാല്‍ അത്തരം ആളുകള്‍ ഒറ്റപെടുന്നു .. മാറ്റി നിര്‍ത്തപെടുന്നു. .. ഇത് മാറണം..

മാറ്റുവിന്‍ ചട്ടങ്ങളെ, സ്വയമല്ലെങ്കില്‍ മാറ്റുമത് കളി നിങ്ങളെ താന്‍.... ഓര്‍മ്മിക്കുന്നത് നന്നായിരിക്കും..

Sunday, September 30, 2012

മദ്യവിരുദ്ധന്മാര്‍ എന്ന തൊഴിലാളി വിരുദ്ധന്മാര്‍ ...അറിയാന്‍..

ലീഗിന്നു അങ്ങനെ പലതും പറയാം.അവര്‍ മുതലാളി പാര്‍ട്ടി ആണ് എന്ന് ആര്‍ക്കാണ് അറിയാത്തത്...
കള്ള് വ്യവസായം ഒരു കണക്കിന് നോക്കിയാല്‍ ഈശ്വരന്‍ ഉണ്ട് എന്നുള്ളതിന്റെ ജീവിക്കുന്ന തെളിവാണ്.
 ഇല്ലാത്ത തെങ്ങില്‍ നിന്നും ഇല്ലാത്ത കള്ള് ചെത്തി എല്ലാ ദിവസവും ഉപാസകരുടെ വയറു നിറയ്ക്കുന്ന മാന്ത്രിക വിദ്യ, ഈശ്വരന് മാത്രമേ സാധിക്കു. .. 
കേരളത്തില്‍ ഒരു ദിവസം വില്‍ക്കുന്ന കള്ളില്‍ എത്ര മനുഷ്യ നിര്‍മ്മിതം ആവും?? അല്ലെങ്കില്‍ ആണ് എന്ന് വേണം വിശ്വസിക്കാന്‍. ..
അങ്ങനെ മാന്ത്രിക വിദ്യ കൊണ്ട് ആണ് ഈ വ്യവസായം നില നില്‍ക്കുന്നത് എന്ന് ഒരു മാതിരി എല്ലാവര്‍ക്കും (കുടിക്കുന്നവര്‍ ഉള്‍പെടെ) അറിയുകയും ചെയ്യാം. അങ്ങനെ ചില സൂത്ര പണികള്‍ കൊണ്ട് കുടുംബം പുലര്‍ത്തുന്ന പാവപെട്ട അബ്കാരികളെ കൂടം കൊണ്ട് തലക്ക് അടിക്കാന്‍ ആണ് കോടതി ശ്രമിച്ചത്. പിന്നെ, ഇലക്ഷന്‍ ഒരു ചെലവുള്ള സംഗതി ആയത് കൊണ്ട് രക്ഷപെട്ടു. സഹായിക്കാന്‍ ആളുണ്ടായി.
 പിന്നെ സ്ഥിരം കഥ ഉണ്ടല്ലോ.. തൊഴിലാളി, കുടുംബം, പുനരധിവാസം..അല്ലെങ്കിലും എല്ലാം തൊഴിലാളിക്ക് വേണ്ടിയാണ്. കള്ള് വിറ്റ്‌ നഷ്ടം സഹിക്കുന്നത് തന്നെ പാവപെട്ട തൊഴിലാളികള്‍ പുലരണ്ടേ എന്ന് ഓര്‍ത്താണ്. വേറൊരു പണിയും അവര്‍ക്ക് അറിയില്ല. ഒരു കൂലിപണിക്ക് ആരും വിളിക്കില്ല. ഒരു ആശാരിയെ ആരും വിളിക്കില്ല. ഒരു ഇലക്ട്രിക്‌ പണിക്ക് ആരും വിളിക്കില്ല. ഒരു പ്ലംബെരെ ആര്‍ക്കും വേണ്ട. 
പെയിന്റ് പണിക്കാരെ കൊണ്ട് നടക്കാന്‍ തന്നെ വയ്യ. കൃഷി പണിക്ക് ആളെ നറുക്ക് ഇട്ടാണ് എടുക്കുന്നത്. ആയിരം പണിക്കാര്‍ വന്നു നില്‍ക്കും. കൃഷിക്കാരന്‍ പത്തു പേരെ മാത്രം എടുക്കും. കൂലി ചിലപ്പോള്‍ കൊടുക്കും. ഇല്ലെങ്കില്‍ ഇല്ല. ചോദിക്കാന്‍ ആരും പോവില്ല. ഈ സംസ്ഥാനത്ത് തൊഴിലാളികളുടെ അതിപ്രസരം ആണ്. എന്നും രാവിലെ തെരുവില്‍ തൊഴിലാളികളുടെ നീണ്ട ക്യൂ ആണ്. ഒരു ജോലി ആരും തരില്ല. 
ആകെയുള്ള ഒരു വരുമാനം ആണ് ബാര്‍, ഷാപ്പ് ജോലികള്‍. പിന്നെ ഉള്ളത് ചുമട്ടു തൊഴില്‍ ആണ്. അതിനു പക്ഷെ വലിയ ക്ഷാമം ആണ്. ..

ഈ നിലക്ക് പോയാല്‍ ഗവ. എല്ലാവരും നിര്‍ബന്ധമായും മദ്യം വാങ്ങണം പക്ഷെ കുടിക്കുന്നത് സ്വന്തം ഇഷ്ടം എന്നൊരു നിയമം കൊണ്ട് വരാന്‍ അധികം താമസം ഇല്ല. ഗവ. ന്നു ആരോടാണ് പ്രതിബദ്ധത? അധികാരത്തില്‍ വരാന്‍ സഹായിച്ചവരോട്.. ഏറ്റവും കൂടുതല്‍ സംഭാവന തന്നവരോട്..
അതില്‍ എന്താണ് ഒരു തെറ്റ്?? അങ്ങനെ അല്ലെ വേണ്ടത്?
 ഈ ആളുകള്‍ക്ക് അരി ഒരു രൂപക്ക് കൊടുക്കാന്‍ തീരുമാനിച്ചത് തന്നെ ബാക്കി കാശ് മുഴുവന്‍ ഷാപ്പിലും ബാറിലും കൊടുത്ത് അബ്കാരി കുടുംബങ്ങളില്‍ കൂടി തീ പുകയട്ടെ എന്ന് കരുതിയാണ്. കോടതിക്ക് ഇത് വല്ലതും അറിയണോ?? 
ഷാപ്പിന്റെ മുന്നില്‍ കൂടി പോയാല്‍ ഇനി കാശ് പിരിക്കുന്ന ഒരു നിയമം ഗവ. ആലോചിക്കുന്നു. എങ്കില്‍ പിന്നെ, ആരും മദ്യം കഴിച്ച് പ്രശ്നം വേണ്ട, ഷാപ്പ്‌ ക്കാരന് വരുമാനവും ആയി. ആ ബില്ലിനെ പിന്തുണക്കുകയാണ് മദ്യ നിരോധനക്കാര്‍ ആദ്യം ചെയ്യേണ്ടത്..മറക്കരുത്. പാവം തൊഴിലാളികളുടെ ബാധ്യത എല്ലാവര്ക്കും ഉണ്ട്. അവരെ മറന്നു ഒരു കളിയും പറ്റില്ല 

പിന്നെ ആരും വിഷമിക്കണ്ട ... സമ്പൂര്‍ണ മദ്യ നിരോധനം തന്നെ ആണ് ലക്ഷ്യം .. അതിന്റെ ആദ്യത്തെ പടി ആണ് സമ്പൂര്‍ണ മദ്യവല്‍ക്കരണം..കുടിച്ച് കുടിച്ച് ആളുകള്‍ക്ക് ബോറടിക്കണം..
എന്നിട്ട് അവര്‍ തന്നെ സ്വയം നിര്‍ത്തണം. അല്ലാതെ നിര്‍ത്തിയിട്ട് ഒരു കാര്യവും ഇല്ല. 
ഗാന്ധിജി എന്താണ് പറഞ്ഞിട്ടുള്ളത്?? അതൊന്നും മറക്കരുത് നിങ്ങള്‍...അദ്ദേഹത്തിന്റെ വാക്കുകള്‍ പൊതു ജനം മറക്കുന്നത് ആണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. നിങ്ങള്‍ക്ക് അദ്ദേഹത്തെ മറക്കാം..പക്ഷെ പാവം അബ്കാരികളുടെ കണ്ണീര്‍ കണ്ടില്ല എന്ന് നടിക്കാന്‍ ഗവ. ന്നു സാധിക്കില്ല. ഗവ. ലെ പലരും അബ്കാരിയുടെ വിയര്‍പ്പിന്റെ ഫലം ആണ്. അത് മറക്കാന്‍ ഈ ജനങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു??? കണ്ണില്‍ ചോരയില്ലാത്ത വര്‍ഗ്ഗം തന്നെ. ....

(എല്ലാം മനസ്സിലായല്ലോ??) 


കിറ്റെക്സ് ഉം വലത് പക്ഷ രാഷ്ട്രീയവും ..


കിറ്റ്‌ക്സ്, കേരളത്തിന്റെ ചരിത്രത്തില്‍ ഒരു നാഴികല്ലാണ്.
 വലതു പക്ഷം ഇത് ആദ്യമായി പരിസ്ഥിതി ആഘാതം ഒരു വിഷയം ആയി കാണുന്നു.
 വി. എം. സുധീരന് സന്തോഷിക്കാം. നിങ്ങള്‍ ഒറ്റപെട്ടത്, നിങ്ങള്‍ പരിസ്ഥിതിയെ പറ്റി പറയാന്‍ തുടങ്ങിയ നാള്‍ മുതല്‍ ആണ്. ഇന്നിതാ നിങ്ങളുടെ നയങ്ങള്‍ക്ക് ഒരു രീതിയില്‍ അംഗീകാരം കിട്ടുന്നു.
വലത് പക്ഷം വ്യവസായവും പരിസ്ഥിതിയും തമ്മില്‍ ഉള്ള ബന്ധം തിരിച്ചറിയുന്നു. ..

ഈ നാട്ടില്‍ ഒരു വ്യവസായം തുടങ്ങുമ്പോള്‍ അനുവര്‍ത്തിക്കേണ്ട നിയമങ്ങള്‍ ഉണ്ട്.
അത് പാലിക്കുന്നുണ്ടോ എന്ന് നോക്കാന്‍ സംവിധാനം ഉണ്ട്. അതില്‍ വെള്ളം ചേര്‍ക്കുന്നത് ആരാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ആണ്. ഇതില്‍ ഇടതും വലതും ഒന്നും ഇല്ല. പണം, പണം മാത്രമേയുള്ളൂ. അതൊരു സത്യം ആണ്. അത് ആദ്യം അംഗീകരിക്കാം. ഇതില്‍ രാഷ്ട്രീയം ചേര്‍ത്ത് ഒരു ഭാഗത്തിനെ മാത്രം കുറ്റം പറയുന്നത്, പ്രശ്നം ലഘുകരിച്ച്, അത് പരിഹരിക്കാതെ രക്ഷപെടുക എന്നുള്ള സ്ഥിരം അടവ് ആണ്. കുറ്റം ചെയ്യ്തത്
ഇടതോ വലതോ ആവട്ടെ, ആ പരിസരത്തെ ജനങ്ങള്‍ക്ക് ദുരിതം ഒന്ന് തന്നെ ആണ്.

കേരളത്തിന്റെ തനത് അന്തരീക്ഷത്തിനെയും, ആവാസ വ്യവസ്ഥിതിയെയും, വനത്തെയും, ജല സ്രോതസുകളെയും സംരക്ഷിക്കണം. അത് സ്വന്തം ചെയ്യാന്‍ ആരും ഒരുക്കം അല്ലാതത്ത് കൊണ്ട് നിയമം വേണം എന്നും. കൃഷി ലാഭം അല്ല അത് കൊണ്ട് കൃഷി സ്ഥലം വേണ്ട എന്ന വാദം ഉയര്‍ത്തുന്നവര്‍ ആണല്ലോ നമ്മള്‍. റിയല്‍ എസ്റ്റേറ്റ്‌ വില മാത്രം ആണ് വികസനം എന്നൊരു പൊതു ധാരണയും നാട്ടില്‍ നിലവില്‍ ഉണ്ട്.

ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തി, ഞങ്ങള്‍ പറയുന്നത് പരിസ്ഥിതി സൌഹൃദവും അവര്‍ പറയുന്നത് വികസന വിരുദ്ധവും എന്ന രീതിലെക്ക് പോവുന്നത് നിയമം കൈയില്‍ എടുക്കുന്നവര്‍ക്ക് തുണയാവും. ഇതില്‍ വേണ്ടത് ഇത്ര മാത്രം..

ഗവ. ഒരു വ്യവസായ നയം പ്രസിദ്ധപെടുത്തുക.
അത് ഉറപ്പ് വരുത്താന്‍ സംവിധാനം ഉണ്ടാക്കുക. ആ സംവിധാനം കൈകൂലി വാങ്ങി നിയമം അട്ടിമറിക്കുന്നത് തടയുക.
പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഒരു ഒംബുട്സ്മാനെ വെക്കുക്ക.
വ്യവസായം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജനങ്ങളെ ഉള്‍പെടുത്തി, ഒരു സോഷ്യല്‍ ഓഡിറ്റ്‌ സംവിധാനം ഉണ്ടാക്കുക.
പരിശോധനകള്‍ ഒരു ചടങ്ങ് ആക്കാതെ ഒരു പ്രാര്‍ത്ഥന ആക്കുക
സ്പെഷ്യല്‍ ഓര്‍ഡര്‍ വഴി ഇളവ് അനുവദിക്കുന്നത് നിര്‍ത്തുക
പറ്റുമെങ്കില്‍ ഈ സ്പെഷ്യല്‍ ഓര്‍ഡര്‍ എന്ന പരിപാടി തന്നെ ഇല്ലാതാക്കുക്ക
ഇതൊരു വ്യവസായത്തിനും മലിനീകരണ നിയന്ത്രണവും മാലിന്യ സംസ്കരണവും പാരിസ്ഥിതിക ആഘാത പഠനവും നിര്‍ബന്ധം ആകുക്ക
വികസനത്തിന് വേണ്ടിയുള്ള ദാഹം ആനാരോഗ്യകാരം ആവാതെ നോക്കുക്ക

രാഷ്ട്രീയം പൊതുനന്മക്ക് വേണ്ടി മാത്രം ഉപയോഗിക്കുക. അല്ലാതെ, എതിരാളിയുടെ കണ്ണിലെ കരടിനെ പറ്റി മാത്രം സംസാരിക്കുന്നത് ആര്‍ക്കും ഒരു ഗുണവും ചെയ്യില്ല. പറ്റും എങ്കില്‍ ഈ നെഗറ്റീവ് രാഷ്ട്രീയം ഒന്ന് നിര്‍ത്തി, ജന നന്മയുടെ രാഷ്ട്രീയത്തിനെ പറ്റി ആലോചിക്കുക.




Friday, September 28, 2012

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം..

ടി പി ചന്ദ്രശേഖരനെ ഒന്ന് മറന്നു കൂടെ എന്നൊരു ചോദ്യത്തില്‍ തന്നെ ഫാസിസ്റ്റ് ധ്വനികള്‍ ഉണ്ട്. ...
ഒരിക്കലും മറക്കാന്‍ പാടില്ല എന്നാണ് എന്റെ പക്ഷം.. രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ അല്ല....
മനസ്സ് മരവിച്ച, പ്രതികരിക്കാന്‍ ഭയമുള്ള, പൊതു താല്പര്യ വിഷയങ്ങളില്‍ നിസ്സംഗതയും ഒരിക്കലും നടക്കില്ല എന്നൊരു വിരുദ്ധ മനോഭാവവും ഉള്ള നമ്മുടെ പൊതു സമൂഹത്തിന്റെ ഓര്‍മകളെ എന്നും ടി. പി ചന്ദ്രശേഖരന്‍ ആലോരസപെടുത്തട്ടെ. .. 
എന്തിനു അദ്ദേഹം സ്വന്തം ജീവന്‍ കൊടുക്കേണ്ടി വന്നു എന്നത് നമ്മള്‍ മറക്കേണ്ട ഒരു സംഗതി അല്ല. 
ഇനി ഒരു ചന്ദ്രശേഖരന്‍, ഒരു വിളക്ക് മരച്ചോട്ടില്‍, നൂറു വെട്ടു കൊണ്ട് വീഴാതെ ഇരിക്കാന്‍, ഇനിയൊരു രമക്കും സ്വന്തം നല്ലപാതിയെ നഷ്ടപെടാതിരിക്കാന്‍, ചന്ദ്രശേഖരന്മാരെ പൊന്‍പണം കൊടുത്ത് കൊല്ലിക്കാന്‍ ഇനിയൊരു മാടമ്പിയും തീട്ടുരം എഴുതാതിരിക്കാന്‍, ചന്ദ്രശേഖരന്‍ ഓര്‍മകളില്‍ തന്നെ വേണം....
അത് കൊണ്ടാവും വീരാന്‍കുട്ടി എഴുതിയത്.. "നൂറുവെട്ടിനാൽ തീർക്കുവാനാകില്ല, നേരു കാക്കാൻ പിറന്ന പോരാളിയെ..വീണതല്ലവൻ വീണ്ടുമുയിർക്കുവാൻ വിത്തുപോലെ മറഞ്ഞിരിപ്പുണ്ടവൻ"..

ഓരോരോ ദിവസവും നമ്മുടെയൊക്കെ ഓര്‍മ്മയില്‍ ഈ വിത്ത് പൊട്ടി മുളക്കട്ടെ....






Saturday, September 22, 2012

ചില സബ്സിഡി ചിന്തകള്‍..


പാചകവാതകം സബ്സിഡി തരേണ്ട ഒന്നല്ല എന്നാണ് കേന്ദ്ര ഗവ. തീരുമാനം. പണ്ട് വിറകും മണ്ണെണ്ണയും ഒക്കെ ആയി കഴിഞ്ഞ നമുക്ക് പുക രഹിത അടുക്കളകള്‍ സമ്മാനിച്ചത് പാചക വാതക കുറ്റികള്‍ ആണ്. ഇന്നിപ്പോള്‍ ഗ്യാസ് ഇല്ലാത്ത ഒരു ദിവസം മലയാളിക്ക് അചിന്ത്യം. 
അങ്ങനെ ഇരിക്കുമ്പോള്‍ സര്‍ക്കാര്‍ പറയുന്നു, പാചക വാതക സബ്സിഡി കാരണം സര്‍ക്കാരിന്റെ നടു ഒടിഞ്ഞു എന്ന്. ചില മറു ചോദ്യങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികം. ജനാധിപത്യം ആയത് കൊണ്ട്, അത് ഉറക്കെ ചോദിക്കുകയും ആവാം. എന്റെ ചോദ്യങ്ങള്‍ ഇതൊക്കെ ആണ്. 

പാചക വാതകം (ഗാര്‍ഹിക ഉപയോഗത്തിന് ഉള്ള ചുമപ്പ് കുറ്റി) നല്ലൊരു പങ്ക്, കരിഞ്ചന്തയില്‍ പോവുന്നുണ്ട് എന്നുള്ളത് നഗ്ന സത്യം അല്ലെ. അത് തടയാന്‍ ഒരു ശക്തമായ നടപടി ഉണ്ടായാല്‍ തന്നെ ഒരു മുപ്പത് ശതമാനം സബ്സിഡിയുള്ള വാതക ഉപയോഗം കുറയും. അതിനു പക്ഷെ ഒരു താല്‍പര്യവും ഗവ. കാടുന്നില്ല. 

ആദായ നികുതി ആണ് പൊതുവില്‍ ഒരു രാജ്യത്തിന്റെ പ്രധാന വരുമാനം. നമ്മുടെ രാജ്യത്ത്, പിരിച്ചെടുക്കാവുന്ന നികുതിയുടെ പകുതി എങ്കിലും പിരിക്കുന്നുണ്ടോ? നികുതി വെട്ടിപ്പുകാരന്റെ പറുദീസാ അല്ലെ നമ്മുടെ രാജ്യം? എന്ത് കൊണ്ട് ഗവ. നികുതി പിരിക്കല്‍ ഒരു പ്രധാന ചുമതല ആയി കാണുന്നില്ല??

കള്ളപ്പണം ആണ് ഈ രാജ്യത്തിന്റെ പ്രധാന പ്രശ്നം. കേരളത്തില്‍ തന്നെ, കള്ളപ്പണത്തിന്റെ സ്വാധീനം വളരെ പ്രകടം അല്ലെ. കള്ളപ്പണം നിയന്ത്രിക്കാന്‍ എന്ത് കൊണ്ടാണ് ഗവ. ഒരു താല്‍പര്യവും കാണിക്കാത്തത്? 

ഈ നാട്ടില്‍ സബ്സിഡി യുടെ ഗുണഭോക്താക്കള്‍ ആരാണ്? അര്‍ഹതയുള്ളവര്‍ ഒരു ഇരുപത്തിയഞ്ച് ശതമാനം വരും. ബാക്കി മുഴുവന്‍ അര്‍ഹത ഇല്ലാത്തവര്‍ അല്ലെ? ഈ നാട്ടിലെ റേഷന്‍ സംവിധാനം തന്നെ കരിഞ്ചന്ത പ്രോത്സാഹിപ്പിക്കാന്‍ ഉള്ളത് പോലെ അല്ലെ? റേഷന്‍ കാര്‍ഡ്‌ കൊടുക്കുന്നതില്‍ എന്തെങ്കിലും ഒരു ശ്രദ്ധ ഗവ. കാട്ടുന്നുണ്ടോ? വാരിക്കോരി കൊടുത്ത് വോട്ടുകള്‍ ഉറപ്പിക്കുന്നു. 

കരി, പ്രകൃതി വാതകം, ധാതുമണല്‍, ടെലികോം -- തുടങ്ങിയ ഗവ. വലിയ ലാഭം നല്‍കുന്ന മേഖലകള്‍ സ്വകാര്യ വല്ക്കരിക്കാന്‍  എന്തിന്നു ഗവ. അത്യുത്സാഹം കാട്ടി? ഗവ. നഷ്ട കച്ചവടം മാത്രം ചെയ്യേണ്ട ഒരു സ്ഥാപനം ആണ് എന്ന മുന്‍ വിധി എന്തിനാണ്? ? എന്ത് കൊണ്ട്, ഗവ. ഈ മേഖലകളില്‍ നിന്നും കിട്ടാവുന്ന പരമാവധി വരുമാനത്തിന് ശ്രമിക്കുന്നില്ല?? 

സബ്സിഡി നടു ഒടിക്കുന്നു എന്ന് വിലപിക്കുന്ന ഗവ. ഇലക്ഷന്‍ മുന്നില്‍ കണ്ടു വന്‍ പാക്കേജുകള്‍ പ്രഖാപിക്കുമ്പോള്‍, അത് അധിക ബാധ്യത അതും അനാവശ്യമായ ബാധ്യത ആണ് എന്ന് തോന്നാത്തത് എന്ത് കൊണ്ട്? 

വരുമാന സര്‍ട്ടിഫിക്കറ്റ് ആണല്ലോ എല്ലാ സബ്സിഡി യുടെയും അടിസ്ഥാന രേഖ?? എന്ത് കൊണ്ടാണ് അര്‍ഹതയില്ലാത്ത അനവധി പേര്‍ ബി.പി.എല്‍ പട്ടികയില്‍ കയറി കൂടുന്നത്? അതില്‍ ഗവ. രാഷ്ട്രീയം കണ്ട് ആ ലിസ്റ്റ് സുതാര്യമാക്കാന്‍ നടപടി എടുക്കാത്തത് എന്ത് കൊണ്ട്??

അടിസ്ഥാന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍, അതും നിലവില്‍ ഉള്ള നിയമങ്ങള്‍ നടപ്പില്‍ വരുത്തുന്നതില്‍, വളരെ ഗുരുതരം ആയ വീഴ്ചകള്‍ വരുത്തുന്ന ഗവ., സാമ്പത്തിക ഉന്നമനത്തിനു വേണ്ടി ജനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കും മുന്‍പേ, നിലവില്‍ നിയമം ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താനും ശിക്ഷിക്കാനും ശ്രമിക്കാത്തത് എന്ത് കൊണ്ട്?? 

സ്വന്തം കാര്യപ്രാപ്തി കുറവ് മറിച്ച് വെച്ച് പൌരന്റെ മേലുള്ള നികുതി ഭാരം കുട്ടുന്നത് ഒരു നല്ല സര്‍ക്കാരിനും ഭൂഷണം അല്ല. 

വെറുതെ ഒരു ചോദ്യം -- എന്നാണ് നിങ്ങളോട് അവസാനമായി ഒരു ട്രയിനിലെ സാധാരണ കമ്പാര്‍ട്ട്മെന്റില്‍ ഒരു ചെക്കര്‍ ടിക്കറ്റ്‌ ചോദിച്ചത് ?? ടിക്കറ്റ്‌ രഹിത യാത്രക്കാര്‍ റെയില്‍വേ ക്ക് ഒരു നഷ്ടവും വരുത്തുന്നില്ലേ?? ഇത് ഒരു ചെറിയ ഉദഹരണം മാത്രം. അങ്ങനെ, എത്ര എത്ര കാര്യങ്ങള്‍? 
സബ്സിഡി യെ ചൊല്ലിയുള്ള മുതല കണ്ണീര്‍ ഒഴുകുമ്പോള്‍, നിങ്ങള്‍ ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും -- നമ്മുടെ ഗവ. അന്‍പത് ശതമാനം എങ്കിലും കാര്യപ്രാപ്തിയോടെ ആണോ പ്രവര്‍ത്തിക്കുന്നത് എന്ന്. .. ഒരു പാട് ഉത്തരങ്ങള്‍ തരുന്ന ഒരു ചോദ്യം ആണ് അത്. 


Monday, August 27, 2012

ഒരു വിവരദോഷിയുടെ ജല്പനങ്ങള്‍..അഥവാ കല്‍ക്കരി പുരണ്ട ചില ചിന്തകള്‍..

ഇലക്ഷന്‍ കമ്മീഷന്‍ എന്നൊരു സംഭവം ഈ രാജ്യത്തുണ്ട് എന്ന് നമ്മള്‍ അറിയാന്‍ 1990 ല്‍  ടി.എന്‍. ശേഷന്‍ എന്നൊരു വിദ്വാന്‍ അതിന്റെ തലപ്പത്ത് വരേണ്ടി വന്നു. കൃത്യമായി പറഞ്ഞാല്‍ 
സ്വാതന്ത്ര്യം കിട്ടി 43 വര്‍ഷത്തിനു ശേഷം..

2010 ല്‍  വിനോദ് റായി എന്നൊരു വിദ്വാന്‍ എത്തിയപ്പോള്‍ ആണ്  സി. എ. ജി. എന്നൊരു സ്ഥാപനം ഈ നാട്ടില്‍ ഉണ്ട് എന്നും അതും പാര്‍ലമെന്റ്  ന്റെ അധികാരത്തിനു പുറത്താണ് എന്നും നമ്മള്‍ മനസ്സിലാക്കിയത്.

എന്ത് കൊണ്ട് ലോക്പാല്‍ വേണ്ട എന്ന കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും ഒറ്റകെട്ടായി എന്ന് ഇപ്പോള്‍ മനസ്സിലായോ?? 

അതൊക്കെ അവിടെ നില്‍ക്കട്ടെ...വിഷയം കരിയാണ് .. കല്‍ക്കരി..

ലാഭം ഉള്ള ഏതു ബിസിനസ്‌ ഉം നടത്താന്‍ കടം കിട്ടും. ആരും തരും. വ്യവസ്ഥകള്‍ മാറും എന്ന് മാത്രം. ഗവ. ആണ് ലോണ്‍ എടുക്കുന്നത് എങ്കില്‍ വ്യവസ്ഥകള്‍ വളരെ ഉദാരവും ആവും. ഇതൊക്കെ ആണ് യാഥാര്‍ത്യ വസ്തുതകള്‍..എല്ലാവര്ക്കും അറിയാം താനും.

കോള്‍ ഇന്ത്യ ഒരു മഹാരത്ന കമ്പനി ആണ്. കഴിഞ്ഞ വര്‍ഷത്തെ ലാഭം, അവരുടെ തന്നെ കണക്ക് പ്രകാരം 14,700 കോടി രൂപ ആണ്. (വരവ് അല്ല നികുതി കഴിഞ്ഞുള്ള ലാഭം). അവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ വായിച്ച് നോക്കാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു. 

അപ്പോള്‍ കരി ഖനനം ലാഭമുള്ള ഒരു വ്യവസായം ആണ് എന്ന് മനസ്സിലായല്ലോ. വളരെ ലാഭം ഉള്ള ഒരു വ്യവസായം. അല്ലെങ്കില്‍ 100 ശതമാനവും ലാഭകരം ആവും എന്ന് ഉറപ്പുള്ള ഒരു വ്യവസായം..(നമ്മുടെ നാട്ടിലെ ബാര്‍ ഹോട്ടല്‍ പോലെ, എസ്റ്റേറ്റ്‌ വഴിയുള്ള കൃഷി പോലെ, കരിമണല്‍ പോലെ)

അങ്ങിനെയുള്ള ഒരു വ്യവസായം എന്ത് കൊണ്ട് ഗവ. ഏറ്റെടുത്ത് നടത്തുന്നില്ല?? എന്ത് കൊണ്ട് കോള്‍  ഇന്ത്യ, ഇന്ത്യയിലെ മൊത്തം കല്‍ക്കരി ഖനനവും അവരുടെ കീഴില്‍ നടത്തുന്നില്ല?
ഗള്‍ഫ്‌ രാജ്യങ്ങള്‍, എണ്ണ, ദേശീയ സ്വത്തായി കണക്കാക്കി, ഖനനം മാത്രം വേറെ കമ്പനികളെ ഏല്‍പ്പിച്ചത് പോലെ, നമുക്ക് എന്ത് കൊണ്ട് പറ്റില്ല ????

അതോ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മാത്രം ഗവ. നടത്തിയാല്‍ മതി എന്നാണോ ഭരണ വര്‍ഗ്ഗ നിലപാട്??

സി.എ.ജി റിപ്പോര്‍ട്ടിലെ പൂജ്യം എണ്ണി കളിക്കാന്‍ അല്ല നമ്മള്‍ ശ്രമിക്കേണ്ടത്.. രാഷ്ട്രീയമായി റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്യുകയും അല്ല വേണ്ടത്. 

സി. എ. ജി റിപ്പോര്‍ട്ട്‌ ആധാരമാക്കി, ഇന്ത്യയുടെ ധാതു സമ്പത്ത്, ഈ രാജ്യത്തെ ജനതയുടെ (അത്താഴ പട്ടിണിക്കാരായ ജനതയുടെ) സ്വത്താണ് എന്നും, ആ സമ്പത്ത് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം, ഗവ. ന്റെ ആണ് എന്നും അംഗീകരിക്കണം നമ്മുടെ ഭരണ നേതൃത്വം.

ഒരു ധാതു നയം എത്രയും പെട്ടന്ന്‍, ഈ രാജ്യത്ത് കൊണ്ട് വരണം... ആ നയത്തില്‍, ഇന്ത്യ ഗവ. ഇവിടുത്തെ എല്ലാ ധാതു നിക്ഷേപങ്ങള്‍ക്കും ഉടമ ആവണം. ഖനനം നടത്താന്‍ മാത്രം നമുക്ക് ആഗോള കമ്പനികളെ വിളിക്കാം. വില്പന ഗവ. നേരിട്ട് ആവട്ടെ. കരിഞ്ചന്ത, ധാതുക്കളുടെ കാര്യത്തില്‍ രാജ്യദ്രോഹ കുറ്റം ആക്കണം.

അതിന്റെ ലാഭ വിഹിതം കൊണ്ട്, പാചകവാതകം, പെട്രോള്‍ തുടങ്ങിയ അവശ്യ വസ്തുകള്‍ക്ക് സബ്സിഡി കൊടുക്കുകയും ആവാം. 

എന്ത് തോന്നുന്നു നിങ്ങള്‍ക്ക്?? 

ഇനി ചില്ലറ ചില കണക്കുകള്‍ .... വെറുതെ ഒരു രസത്തിന് വായിക്കാന്‍ മാത്രം..

റിലയന്‍സ് പവര്‍ - കഴിഞ്ഞ വര്‍ഷത്തെ ലാഭം - 866 കോടി രൂപ 
കെ.എസ്.ഇ.ബി - കഴിഞ്ഞ വര്‍ഷത്തെ നഷ്ടം - 1800 കോടി രൂപ 
ഓ.എന്‍.ജി.സി. - കഴിഞ്ഞ വര്‍ഷത്തെ ലാഭം - 18,924 കോടി രൂപ (പാചക വാതകം ഇവരുടെ ആണ്) 
ബി.എം.ടി.സി. -(ബാംഗ്ലൂര്‍ ബസ്‌ സര്‍വീസ്) - 2011 ലെ ലാഭം - 55 കോടി രൂപ 
കെ.എസ് .ആര്‍. ടി. സി. - ഇപ്പോഴത്തെ നഷ്ടം - 720 കോടി രൂപ 

കേരളം വളരെ പ്രത്യേകതകള്‍ ഉള്ള ഒരു സംസ്ഥാനം ആണ് എന്ന് ഇവിടത്തെ നേതൃത്വം പറയുന്നതിന്റെ പൊരുളും മനസ്സിലായല്ലോ...

ഇവിടെ ഇച്ചാശക്തി എന്നൊന്ന് ഉള്ള ഒരു ഭരണകൂടം വരണം..എന്നാലെ കാര്യങ്ങള്‍ നന്നാവൂ. അതിനു നമ്മള്‍ ശ്രമിക്കണം. വോട്ടിംഗ് ദിവസം അല്ല, ആഴ്ചയില്‍ ഒരു 2 മണിക്കൂര്‍, അടുത്ത ഒരു പത്തു വര്ഷം. നമ്മുടെ കുട്ടികള്‍ എങ്കിലും അതിന്റെ ഗുണഫലം അനുഭവിക്കും...

പുലരി തേടിയുള്ള യാത്രകള്‍ ഒരിക്കലും പാഴ്വേല അല്ല..വരിക വരിക സഹജരെ...കരള്‍ ഉറച്ച്, കൈകള്‍ കോര്‍ത്ത്.. നമുക്ക് തീര്‍ഥാടനം തുടങ്ങാം..

ജയ് ഹിന്ദ്‌!!!!