Saturday, May 12, 2012

നിലപാടുകള്‍ക്ക് വേണ്ടി ജീവന്‍ ബലി നല്‍കുന്നവര്‍ക്ക്..

ടി പി ചന്ദ്രശേഖരനെ എനിക്ക് അദ്ദേഹം പാര്‍ട്ടി വിടുന്നതിനു മുന്പ് അറിയില്ലായിരുന്നു. പാര്ട്ടി വിട്ടു സ്വന്തം പാര്ട്ടി ഉണ്ടാക്കിയ വാര്‍ത്ത വായിച്ചപ്പോള്‍ ആണ് ഞാന്‍ ഈ മനുഷ്യനെ ആദ്യമായി ശ്രദ്ധിക്കുന്നത്. ഇക്കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടിയപ്പോള്‍ കൂടുതല്‍ ശ്രദ്ധിച്ചു. സത്യന്‍ അന്തികാടിന്റെ സിനിമയിലെ ഒരു കഥാപാത്രം പോലെ തോന്നി. നിസ്വാര്‍ത്ഥനും ധീരനും ആയ ഒരാള്‍. അദ്ദേഹം ഒരു ചെറിയ ഭൂപ്രദേശത്തെ അനിഷേധ്യ നേതാവായി വര്‍ത്തിച്ചു. അവിടുത്തെ ജനങ്ങള്‍, വലിയൊരു ഭാഗം, അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കൊപ്പം നടന്നു. ഒഞ്ചിയത്തിന്റെ അതിരുകല്‍ക്ക്ക്അപ്പുറം, ടി.പി.സി ക്ക് ഒരു പ്രസക്തിയും ഇല്ലായിരുന്നു. എന്നാല്‍ ഗതകാലവിപ്ലവത്തിന്റെ വീര സ്മരണകള്‍ മുറുകെ പിടിച്ച ഒരു നാട്, അത്രയും നാള്‍ ജീവവായുവായി കരുതിയ പ്രസ്ഥാനത്തില്‍ നിന്നും അകന്ന്‍, ഒരു മനുഷ്യന്റെ ശരികളുടെ കൂടെ നടക്കാന്‍ തുടങ്ങി. ആ മനുഷ്യന്‍ ആവട്ടെ, നമ്മള്‍ രാത്രി ഏഴു മണിക്ക്   ടി. വി. വാര്‍ത്ത ചാനലുകളില്‍ കണ്ടു പരിചയിച്ച, രാഷ്ട്രീയക്കാരില്‍ നിന്നും വളരെ വിഭിന്നന്‍ ആയി ആളുകളുടെ ദിവസങ്ങളുടെ, ആ നാട്ടിലെ സ്പന്ദനങ്ങളുടെ ഭാഗമായി. ഏഴു മണി നേതാക്കന്മാരുടെ സംസ്കാരവും ചിന്തയും ആണ് രാഷ്ട്രീയക്കാരുടെ വില കേരളത്തില്‍ വല്ലാതെ ഇടിച്ചത്. പക്ഷെ അവരില്‍ പലരും ജനപ്രതിനിധികള്‍ വരെ ആയി. കേരള രാഷ്ട്രീയത്തിന്റെ കുത്തനെയുള്ള വീഴ്ചയില്‍ ഏഴു മണി ടി. വി വാര്‍ത്തയുടെ പങ്ക് വരും കാലം ചര്‍ച്ച ചെയ്യും. 
ഒരു വ്യക്തി ഒരു പ്രസ്ഥാനത്തെ ഒരു ഭൂപ്രദേശത്ത് അപ്രസ്കതമാക്കും എന്ന ആശങ്ക ആണ് ടി.പി.സി യുടെ ദാരുണമായ, നീചമായ കൊലപാതകത്തില്‍ ചെന്നെത്തിയത്. ആര് ചെയ്തു എന്നതിനേക്കാള്‍ പ്രധാനം എന്തിനു ചെയ്തു എന്നുള്ളതാണ്. വരുതിക്ക് നില്കാത്ത, ജന പിന്തുണയുള്ള നേതാക്കന്മാരെ മുഴുവന്‍ തുടച്ചു മാറ്റാന്‍ തുനിഞ്ഞാല്‍ പിന്നെ ഈ നാട്ടില്‍ ജനാധിപത്യത്തിനു എന്ത് പ്രസക്തി? ദിവസവും പത്രത്തില്‍ വരുന്ന വാസ്തവങ്ങള്‍ വായിച്ചു നടുങ്ങുണ്ടാവും പല രാഷ്ട്രീയ കുടുംബങ്ങളും.  ഉമ്മന്‍ ചാണ്ടി, കോടിയേരി, പി.കെ കുഞ്ഞാലികുട്ടി തുടങ്ങിയരുടെ അല്ല, രവി, അഷ്‌റഫ്‌, തോമസ്‌ തുടങ്ങിയ നമ്മള്‍ അറിയാത്ത എത്രയോ ടി.പി.സി മാരുണ്ട് ഈ നാട്ടില്‍ അവരുടെ വീടുകളില്‍ .. അവരുടെ നന്മയും, ചിന്തയും കാലത്തിനു നിരക്കാത്തത് കൊണ്ട് ഏഴു മണി വാര്‍ത്തകളില്‍ അവര്‍ എത്തിപെടില്ല. രാഷ്ട്രീയ-അധോലോക ബന്ധങ്ങളുടെ കഥകള്‍ മാധ്യമങ്ങള്‍ വാഴ്ത്തുമ്പോള്‍, അവരുടെ  വീടുകളില്‍ അശാന്തിയുടെ, വേദനയുടെ, ഭീതിയുടെ മേഘങ്ങള്‍ കണ്ണീര്‍മഴ പെയ്യിക്കുണ്ടാവും. നമ്മള്‍ കാണാതെ പോവുന്ന, കേള്‍കാതെ കരള്‍ പിളരും വിലാപങ്ങള്‍. അവര്‍ മരിക്കുന്നത് ജനപക്ഷത്ത് നിന്നതിനാണ്. നേരിന്റെ വഴിയില്‍ നടന്നതിനും. 

ഇനി ഒരു ടി.പി.സി ഈ നാട്ടില്‍ ഉണ്ടാവരുത്. അതിന് നമ്മളെ പോലെയുള്ള അബലരും അസംഘടിതരും ഉണരണം. ആര്‍കും എതിരെ പോരാടാന്‍ അല്ല. അഭിപ്രായവ്യത്യാസങ്ങള്‍ നില നിര്‍ത്തി കൊണ്ട് സുരക്ഷിതമായി ജീവിക്കാന്‍. ഭിന്നാഭിപ്രായം ഉയര്‍ത്തിയാല്‍ തലകള്‍ കൊയ്യുന്ന ഒരു നാടായി മാറിയിരിക്കുന്നു നമ്മുടെ സ്വന്തം നാട്. പലരെയും പോലെ ഗള്‍ഫിലേക്കോ, അമേരിക്കയിലേക്കോ, മറ്റ് വിദേശ രാജ്യങ്ങളിലെക്കോ രക്ഷപെടാന്‍ പാങ്ങിലാത്തവര്‍ക്കും ഇവിടെ കഴിയേണ്ടേ? രാഷ്ട്രീയ ഭീകരവാദത്തിന്റെ, അത് ആര് തന്നെ പ്രോത്സാഹിപ്പിച്ചാലും, അവരെ നിരുത്സാഹപെടുത്തിയെ മതിയാവു. 

ജീവിക്കാനുള്ള അവകാശം ഗവ. ഉറപ്പ് തരണം. നീതിയും ന്യായവും വെള്ളം ചേര്‍ക്കാതെ നടപ്പില്‍ വരുത്തണം. കേരളത്തിലെ പോലീസിന് ഒരു മാസം കൊണ്ട് തീര്‍ക്കാന്‍ പറ്റാത്ത ഒരു ക്രമസമാധാന പ്രശ്നവും ഇന്നില്ല. പക്ഷെ ചെയ്യില്ല, ചെയ്യിക്കില്ല. ആ സത്യം നമ്മള്‍ തിരിച്ചറിഞ്ഞിട്ട് കാലം കുറെ ആയി. നമ്മുടെ നിസംഗത അതിന്റെ എല്ലാ പരിധിയും കടന്നു നമ്മുടെ തന്നെ ജീവന് വെല്ലുവിളി ഉയര്‍ത്തുന്നു. ഇനിയെങ്കിലും നമുക്ക് ഉണര്നെഴുന്നെല്‍ക്കാം? ? നമ്മുടെ വരും തലമുറകള്‍ക്ക് വേണ്ടിയെങ്കിലും? ? 



പിന്‍ കുറിപ്പ്: കോണ്‍ഗ്രെസ്സ്കാരന്‍, കമ്മ്യൂണിസ്റ്റ്‌കാരന്‍, മുസ്ലിം ലീഗ് കാരന്‍ -- ഇവരൊന്നും മദ്യപിക്കാന്‍ പാടില്ല എന്നാണല്ലോ വയ്പ്. എന്നിട്ടും മദ്യത്തിനു എതിരെയുള്ള പോരാട്ടത്തില്‍ ഒരു പ്രമുഖ നേതാവ് ഒറ്റപെടുന്നതും നമ്മള്‍ കാണുന്നുണ്ട്. ആ ഒറ്റപെടല്‍ മാത്രം മതി, എത്ര വൈരുദ്ധ്യാത്മക ലോകത്തില്‍ ആണ് നമ്മള്‍ ജീവിക്കുന്നത് എന്ന് മനസിലാക്കാന്‍.

2 comments:

  1. ദേവപ്രീതിക്കും മറ്റും നരബലി നടത്തപ്പെട്ടിരുന്ന ഒരു കാലഘട്ടത്തെകുരിച്ചു വായിച്ചറിഞ്ഞിട്ടുണ്ട് നമ്മള്‍ ...
    ഈ ആധുനിക ലോകത്ത് , അതനുഭാവിച്ചറിയാന്‍ കൂടി നമുക്ക് അവസരങ്ങള്‍ ലഭിച്ചിരിക്കുന്നു ....
    ആരോടാണ് നന്ദി പറയേണ്ടത് ...? പണത്തിനു വേണ്ടി സ്വന്തം വര്‍ഗത്തിലോരുവന്റെ തലച്ചോറ് വെട്ടി പിളര്‍ക്കാന്‍ മടിയില്ലാത്ത പിശാചുക്കളോടോ...? അതോ ആ രക്തം കൊണ്ട് സ്വന്തം അപചയങ്ങള്‍ കുഴിച്ചു മൂടമെന്നു സ്വപ്നം കാണുന്ന നികൃഷ്ട ജന്മങ്ങളോടോ...? ജീവന്‍, ദൈവത്തിന്റെ ശ്രേഷ്ടമായ ഉപഹാരം ... കാരണങ്ങള്‍ എന്ത് തന്നെയായാലും ,ആര്‍ക്കൊക്കെ വേണ്ടിയാനെലും, അത് കവര്‍ന്നെടുക്കാന്‍ ആര്‍ക്കും അവകാശമില്ല ... ചെയ്തവര്‍ ആരു തന്നെയായാലും ശിക്ഷിക്കപ്പെടുക തന്നെ വേണം ... നിയമത്തിനു അത് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ , പ്രതികരണ ശേഷി നഷ്ടപ്പെട്ടില്ലാത്ത ഒരു ജനസമൂഹം ഉയര്‍ന്നു വരിക തന്നെ ചെയ്യും ... അവരില്‍ ഒരാളാവാന്‍ ഞാനും ആഗ്രഹിക്കുന്നെങ്കില്‍, അതെന്റെ കുറ്റമല്ല .... ജയ് ഹിന്ദ്‌

    ReplyDelete
    Replies
    1. Dear Anvar,
      I cannot agree more wth you..it's shocking to see how our society is made silent through such heinous acts..
      Sudheer M

      Delete