Tuesday, January 29, 2013

ഞാന്‍ ഒരിക്കലും ജാതി നോക്കി വോട്ട് ചെയ്യില്ല..നിങ്ങളോ???

ഭണ്ടി ചോര്‍, വിശ്വരൂപം, ആഷിക്ക് അബു [കമലഹാസന്‍റെ പടം പോരാ എന്ന് പറഞ്ഞു പോസ്റ്റ്‌ ഇട്ട ഓസ്കാര്‍ നേടിയ ഒരേയൊരു മലയാളം സംവിധായകന്‍], സുകുമാരന്‍ നായര്‍, താക്കോല്‍ സ്ഥാനം -- കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി ഇതൊക്കെ ആണ് കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നങ്ങള്‍ 

ഡീസല്‍ വില, കറണ്ട് ക്ഷാമം, കെ എസ ആര്‍ ടി സി യുടെ അന്ത്യകൂദാശ, വരള്‍ച്ച, വികലമായ വികസന നയം, കണ്ണിന്റെ മുന്‍പില്‍ കാണാതെ ആവുന്ന പാടങ്ങള്‍, തോടുകള്‍, കാട് -- ഇതൊന്നും മലയാളിയെ ബാധിക്കുന്ന പ്രശ്നം അല്ലല്ലോ. നമ്മുടെ പ്രശ്നം ഒരു നായര്‍ താക്കോല്‍ സ്ഥാനത്ത് ഇരിക്കാത്തതും, ആരോ അഫ്ഗാനിസ്ഥാനിലെ ഭീകരന്മാരെ പറ്റി പടം പിടിച്ചതും ആണ്. 

ഇത്തരം വിവാദങ്ങള്‍, എന്റെ അഭിപ്രായത്തില്‍ ഇവിടെത്തെ ഗൂഡ ശക്തികള്‍ തന്നെ ഉണ്ടാക്കുന്നവ ആണ്. ശ്രദ്ധ തിരിക്കാന്‍ വേണ്ടി. 

ഈ രാജ്യവും, കേരളവും കട്ട് മുടിക്കുക എന്ന വലിയൊരു ദൗത്യം ഇവിടുത്തെ ജനസെവകന്മാര്‍ ഏറ്റെടുത്ത്‌ നടപ്പാക്കി വരിക ആണല്ലോ. ആ ദൗത്യം സുഗമാക്കാന്‍ വേണ്ടി മാത്രമാണ് ഇവിടെ ജാതിയും മതവും വലിയ തോതില്‍ ഇളക്കി നിര്‍ത്തുന്നത്. അവര്‍ കാലാകാലത്ത് ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തുകയും ജനം അതിന്റെ പിന്നാലെ പായുകയും ചെയ്യും. ഇല്ലെങ്കില്‍, മാധ്യമങ്ങള്‍ പായിക്കും. ബണ്ടി ചോര്‍ വിമാനത്തില്‍ ഭക്ഷണം കഴിക്കുന്ന ഫോട്ടോ വരെ മനോരമ ഇടണം എങ്കില്‍, ജനം എവിടെ എത്തി??

ഇവിടെ ആരും മരിക്കുന്ന നെല്‍കൃഷിയെ പറ്റിയോ, മരിക്കുന്ന പുഴകളെ പറ്റിയോ, വികസനം എന്ന മാന്ത്രിക വാക്യം പുറം തള്ളിയ ജീവിതങ്ങളെ പറ്റിയോ, വികലമാവുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റിയോ, വഴി തെറ്റുന്ന പൊതു വിദ്യഭ്യാസ നയങ്ങളെ പറ്റിയോ, വിലക്കയറ്റം എന്ന മാരക വിപത്തിനെ പറ്റിയോ, സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ പറ്റിയോ, മാസശമ്പളക്കാരന്റെ ജീവിതം ദുസഹമാക്കുന്ന പരിഷ്ക്കാരങ്ങളെ പറ്റിയോ ഒന്നും ഒരു വ്യാകുലതയും കാട്ടുന്നില്ല. നമ്മള്‍ തിരഞ്ഞെടുത്ത നേതാക്കന്മാര്‍ ആവട്ടെ, തികഞ്ഞ പരാജയം ആണ് എന്ന് എല്ലാ ദിവസവും നമ്മളെ ഓര്‍മിപ്പിക്കുന്നു. 

കേരളത്തിലെ യുവാക്കളുടെ പ്രതീകം, സ്വപ്നം എന്നൊക്കെ പറഞ്ഞു നമ്മള്‍ തിരഞ്ഞെടുത്ത പലരും ഒരു പൊതു വിഷയത്തില്‍ ഒരു അഭിപ്രായം പറയുന്നത് നിങ്ങള്‍ എന്നാണ് അവസാനമായി കേട്ടത്?? അവരുടെയൊക്കെ കനത്ത പരാജയം [ ജനതയുടെ അഭിവൃദ്ധിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍] ഇത്തരം വിവാദങ്ങളില്‍ നമ്മള്‍ മറക്കുന്നു. അല്ലെങ്കില്‍, മറവി നമ്മളില്‍ അടിചെല്‌പ്പിക്കുന്നു. അതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ തന്നെ ആണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ മറവില്‍, നിര്‍ബാധം നടക്കുന്ന അഴിമതിയും, ദുര്‍ഭരണവും നമ്മള്‍ കാണാതെ പോവരുത്..

വോട്ട് ചെയ്യുമ്പോള്‍ ജാതി നോക്കില്ല എന്ന ഒരേയൊരു പ്രതിഞ്ജ മതി, ഈ നാട് ഇതിനേക്കാള്‍ എത്രയോ നന്നാവാന്‍.. അതിനു എന്ത് കൊണ്ട് നമ്മള്‍ ഒരു തുടക്കം കുറിച്ച് കൂടാ??

ഞാന്‍ ഒരിക്കലും ജാതി നോക്കി വോട്ട് ചെയ്യില്ല..നിങ്ങളോ???

No comments:

Post a Comment