Monday, April 30, 2012

വിളപ്പില്‍ശാല, ബ്രമപുരം, ലാലൂര്‍ .....


ഇത്തവണ ഒരു പൊതുകാര്യം ആവട്ടെ.. 
വിളപ്പില്‍ശാല, ബ്രമപുരം, ലാലൂര്‍ .....

നിങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും, ഈ പേരുകളുടെ പ്രസക്തി ഞാന്‍ പറയാതെ തന്നെ അറിയാം. അറിയാത്ത, എന്റെ പ്രിയപ്പെട്ട പ്രവാസി സുഹ്രത്തുക്കള്‍ക്ക് വേണ്ടി ഞാന്‍ ഒന്ന് വിശദീകരിക്കട്ടെ. കേരളത്തിലെ ഏറ്റവും ഭാഗ്യഹീനര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ആണിവ. നമ്മള്‍ വളരെ സൌകര്യപൂര്‍വ്വം, റോഡു വക്കില്‍ ഉപേക്ഷിക്കുന്ന നമ്മുടെ മാലിന്യങ്ങളും വിസര്‍ജ്ജ്യങ്ങളും ഒടുവില്‍ എത്തിപെടുന്നത്  ഈ ദേശങ്ങളില്‍ ആണ്. 
നഗരത്തിന്റെ ദുഷിപ്പുകള്‍ അവിടെ കിടന്ന്‍ അഴുകി, മഴ വെള്ളത്തില്‍ കലരന്ന്‍ ജലസ്രോതസ്സുകളെ മലീമസമാക്കി, കിണറുകളും, കുളങ്ങളും നശിപ്പിച്ച്, എണ്ണമറ്റ രോഗങ്ങളും അവയുടെ പുതിയ പുതിയ രൂപങ്ങളും (ഇപ്പോള്‍ കേരളതില്‍ എത്ര തരം പനികള്‍ ഉണ്ട് എന്നറിയാമോ?) സൃഷ്ടിച്ച്, നിത്യ നിതാന്ത ദുര്‍ഗന്ധം പരത്തി, ഒരു ജന സമൂഹത്തിന്റെ മാനസിക നില തന്നെ മാറ്റിമറിച്ച്, ഒരു പരിഷ്കൃത സമൂഹത്തിന്റെ മനസാക്ഷിക്ക് നേരെ അസ്തിത്വത്തിന്റെ ദീനരോദനങ്ങളും പിന്നെ അതിജീവനത്തിനായി പ്രതിഷേധങ്ങളും ഉയര്‍ത്തുന്നു. ആ നിലവിളികളും നിവേദനങ്ങളും അവഗണിക്കുന്ന ഭരണകൂട ധാര്‍ഷ്ട്യം അവര്‍ക്ക് നേരെ ബലപ്രയോഗത്തിന്നു പോലും മുതിരുന്നു. 

ഇതാണ് കേരളത്തിന്റെ സ്വന്തം മാലിന്യ നിര്‍മാര്‍ജ്ജന മാതൃക !!!!

മാലിന്യ നിര്‍മാര്‍ജ്ജനത്തിന്റെ ഉത്തരവാദിത്വം നഗരസഭകള്‍ക്കാണ്. പറയുമ്പോള്‍ എല്ലാം പറയണം, വെള്ളത്തിന്റെയും റോഡിന്റെയും ഓടയുടെയും ഒക്കെ ചുമതലയും നഗരസഭക്കാണ്. പൂര്‍ണമായല്ലോ!!!

ഭരണകൂടം, ഈ തലവേദന എങ്ങനെ പരിഹരിക്കും എന്ന് തല പുകഞ്ഞു ആലോചിക്കുന്നു. മാലിന്യസംസ്കരണ മാതൃകകള്‍ പഠിക്കാന്‍ മുനിസിപല്‍ ചെയര്‍മാന്‍മാരെ മൈസൂരില്‍ അയക്കുന്നു (മന്ത്രിമാര്‍ അമേരിക്കയിലോ, പ്രസിഡന്റ്‌ പ്രതിഭാ പാട്ടില്‍ സന്ദര്‍ശിക്കുന്ന പുതിയ രാജ്യങ്ങളിലോ ഒകൈ ആണ് പദ്ധതി), അങ്ങിനെ പലവിധ കാര്യങ്ങള്‍ പുരോഗമിക്കുന്നു. 

മാലിന്യകൂമ്പാരം ആവട്ടെ, നമ്മളെ നോക്കി പല്ലിള്ളിക്കുകയും പെറ്റു പെരുക്കുകയും ചെയ്യുന്നു. എന്താണ് ഒരു പോംവഴി? ?

ആദ്യമായി, വളരെയധികം സ്ഥലം വേണ്ട ഒരു പദ്ധതിയും കേരളത്തില്‍ പ്രാവര്‍ത്തികം അല്ല. പിന്നെ, മാലിന്യസംസ്കരണം ഇലക്ഷന്‍ സമയത്തെ വിഷയം മാത്രം ആക്കിയത് കൊണ്ട് ഒരു പരിഹാരവും ഉണ്ടാവില്ല. മാലിന്യസംസ്കരണ പ്ലാന്റുകള്‍ ഇരുപത്തിനാല് മണിക്കൂര്‍, 365  ദിവസം പ്രവര്‍ത്തിക്കേണ്ട ഒന്നാണ്. അതിന്റെ കരാര്‍ സ്വന്തക്കാര്‍ക്ക് കൊടുത്ത് എന്തെങ്കിലും ഒക്കെ ചെയ്ത് തടിഎടുത്താല്‍ ഇതൊക്കെ തന്നെ സംഭവിക്കും. എന്റെ ചില എളിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു, നിങ്ങള്‍ക്കും ഇതില്‍ പങ്കു ചേരാം. അവസാനം നിര്‍ദേശങ്ങളുടെ ഒരു പകര്‍പ്പ് ഞാന്‍ ബഹു. മന്ത്രിക്ക് അയച്ചു കൊടുക്കും. 

1 . ഒരു മാലിന്യനയം വേണം. അതില്‍ വിശദമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, വീടുകള്‍ക്ക്, ഹോട്ടല്‍, ആശുപത്രി, വാണിജ്യസ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ വേണ്ടുന്ന മാലിന്യ സംസ്കരണ സംവിധാനങ്ങളെ പറ്റി വ്യക്തമായി പ്രതിപാദിക്കണം. 

2 . നമ്മുടെ നാടിന്നു യോജിച്ച വിവിധ മാതൃകകള്‍ കൊണ്ട് വരണം. ചെറുകിട, മീഡിയം, വന്‍കിട സംസ്കരണ പ്ലാന്റുകള്‍ വേണം. മൂന്ന് സെന്റ് മുതല്‍ ഭൂമിയുള്ളവര്‍ ആണ് നമ്മുടെ നാട്ടിലെ ഭൂരിപക്ഷം കുടുംബങ്ങളും. അത്തരം കുടുംബങ്ങള്‍ക്ക് പറ്റിയ ഒരു ഖര-ഭക്ഷ്യ മാലിന്യ സംസ്കരണ യുണിറ്റ് വികസിപ്പിച്ചേ മതിയാവു. അടുക്കള മാലിന്യങ്ങള്‍ കൊണ്ട് പാചക വാതകം ഉണ്ടാകുന്ന ഒരു യുണിറ്റ് അവിടെ ഇവിടെ കണ്ടു വരുന്നു. അത്തരം യുണിറ്റ് എല്ലാ വീട്ടിലും നിര്‍ബന്ധം ആക്കണം. അത് പോലെ തന്നെ അത്തരം യുണിറ്റ് ന്റെ വില്പനയും വില്പനാന്തര സേവനങ്ങളും എല്ലാ പഞ്ചായത്തിലും കൊണ്ട് വരാന്‍ ഗവ. തയാര്‍ ആവണം. സബ്സിഡി കൊടുത്താല്‍ എല്ലാവര്ക്കും ഇത്തരം യുണിറ്റ് വീട്ടില്‍ വെക്കാനുള്ള സാമ്പത്തിക സാഹചര്യവും ഉണ്ടാവും. 


3. പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍, ഇലക്ട്രോണിക്സ് മാലിന്യങ്ങള്‍ തുടങ്ങിയവ സംസ്കരിക്കാന്‍  കേന്ദ്രീകൃത സംസ്കരണ ശാലകള്‍ വേണം. ഇവിടുത്തെ, സംസ്കൃത വസ്തുക്കള്‍ വാങ്ങാനുള്ള കമ്പനികളെ ആദ്യമേ കണ്ടെത്തുകയും അവരുടെ ആവശ്യത്തിനനുസരിച്ച് സംസ്കരണം നടത്താനുള്ള സംവിധാനം ഉണ്ടാക്കുകയും വേണം. 


4. ഹോട്ടല്‍, ആശുപത്രി തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധമായും ഭക്ഷ്യ - ഖര മാലിന്യ സംസ്കരണ യുണിറ്റ് വേണം. ഇല്ലാത്തവക്ക്, ലൈസെന്‍സ് കൊടുക്കരുത്, പുതുക്കരുത്.
വാണിജ്യ സ്ഥാപനങ്ങളുടെ മാലിന്യ ശേഖരണതിന്നു പ്രത്യേക സംവിധാനം വേണം. എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഈ സംവിധാനം നിര്‍ബന്ധമായും ഉപയോഗിക്കണം, ഫീസ്‌ കൊടുക്കണം. ഇതില്‍ സഹകരിക്കാത്ത സ്ഥാപനങ്ങള്‍ ഉടന്‍ അടച്ചു പൂട്ടിക്കാനുള്ള നിയമം കൊണ്ട് വരണം. 

5. മാലിന്യ നിര്‍മാര്‍ജ്ജനം, നഗര സഭകളുടെ മുഖ്യഉത്തരവാദിത്തങ്ങളില്‍ ഒന്നായി നിയമനിര്‍മാണം നടത്തണം. മാലിന്യ ശേഖരണം, സംസ്ക്കരണം, എന്നിവ വളരെ ലാഘവത്തോടെ ആണ് ഇന്ന് കൈകാര്യം ചെയ്യുന്നത്. അത് മാറണം. അതിന്നുള്ള ഫണ്ട്‌, നഗരസഭ ബഡജെറ്റില്‍ പ്രത്യേകം വകയിരുത്തണം. മാലിന്യ സംസ്ക്കരണ യുണിറ്റ് തുടങ്ങിയാല്‍ മാത്രം പോര അതിന്റെ അറ്റകുറ്റപണികള്‍ക്ക് കൂടി കരാര്‍ വ്യവസ്ഥ വേണം. ഇന്നതില്ല. ഉണ്ടെങ്കില്‍ തന്നെ, സംസ്ക്കരണ യുനിറ്റുകള്‍ പ്രവര്‍ത്തനരഹിതം ആണ്. ആ യുനിട്ട്ന്റെ ചുറ്റുവട്ടത്ത് ഉള്ളവര്‍ സഹിക്കുന്ന ദുരിതം ഭരണകൂടം കാണാതെ പോവുന്നു. ഈ സ്ഥിതി മാറിയെ തീരു.

6. മാലിന്യ നിര്മാര്‍ജ്ജനത്തില്‍ പൊതുജനത്തിനു വലിയൊരു പങ്കുണ്ട്. ഇന്നത്തെ നമ്മുടെ രീതി, ഒഴിഞ്ഞ പറമ്പിലും വഴിവക്കിലും ഒക്കെ വീട് മാലിന്യങ്ങള്‍, ഒരു കള്ളനെ പോലെ കൊണ്ടിട്ട്, മാന്യന്മാര്‍ ചമയുക എന്നതാണ്. സ്ഥാപനങ്ങള്‍ ആവട്ടെ, അതൊരു പുഴയിലോ, തോട്ടിലോ, ഒഴിഞ്ഞ പറമ്പിലോ കൊണ്ട് പോയി തള്ളും. പോലീസ്,നഗരസഭ, ആരോഗ്യ വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ ജനസേവന ശുഷ്കാന്തി നമുക്ക് അറിയാമല്ലോ. ഇന്ന് വരെ ഒരു സ്ഥാപനവും കേരളത്തില്‍  പുഴ പോലെ പ്രാധാന്യം ഉള്ള ഒരു സ്ഥലത്ത് മാലിന്യം തള്ളിയതിന്റെ പേരില്‍ പൂടിയിട്ടില്ല. നമുടെ നിയമങ്ങള്‍ എത്ര ശക്തം ആണ് എന്ന്‍ അല്ലെങ്കില്‍ തന്നെ അറിയാലോ. 
ഞാന്‍ താമസിക്കുന്ന ഫ്ലാറ്റില്‍ മുപതിനാല് കുടുംബങ്ങള്‍ ഉണ്ട്. ഞങ്ങളുടെ വീട് മാലിന്യം ഞങ്ങള്‍ ഫ്ലാറ്റില്‍ തന്നെ കൈകാര്യം ചെയ്യുന്നു. ജൈവവളം നിര്‍മിക്കും, കത്തിക്കാവുന്നവ കത്തിക്കും. പ്ലാസ്റ്റിക്‌ വേര്‍തിരിച്ചു (അത് വീട്ടില്‍ തന്നെ വേര്തിതിരിക്കും) അത് വേറെ ശേഖരിക്കുന്നവര്‍ക്ക് കൊടുക്കും. അതിന്നുള്ള അടിസ്ഥാനസൗകര്യം ഞങ്ങള്‍ ഒരുക്കിയിടുണ്ട്. ഫ്ലാറ്റ് നിര്‍മാണ വേളയില്‍ തന്നെ, ഇത്തരം സൌകര്യങ്ങള്‍ നിര്‍ബന്ധം ആക്കിയാല്‍ ഒരു പരിധി വരെ മാലിന്യ സംസ്ക്കരണം ഉദ്ഭവസ്ഥാനത്ത് തന്നെ നടത്താം. അതാണ്‌, ഏറെ ഫലപ്രദവും.
കുറച്ചു കൂടി, ആസൂത്രണം ഉണ്ടെങ്കില്‍, ഒരു ഫ്ലാറ്റിലെ മാലിന്യം കൊണ്ട്, ഒന്നോ-രണ്ടോ വീട്ടിലെ പാച്ചകത്തിന്നുള്ള ഗ്യാസ് ഉദ്പാദിപ്പിക്കാന്‍ കഴിയും. ജൈവവളം കൊണ്ട് ഫ്ലാറ്റിന്റെ വിശാലമായ ടെറസ്സില്‍ പച്ചക്കറി തോട്ടവും ഉണ്ടാക്കാം. ഇതൊക്കെ, ഫ്ലാറ്റ് നിര്‍മാണ വേളയില്‍ തന്നെ നഗരസഭ ആവശ്യപെടണം.അല്ലാത്ത, തീപെട്ടി കൂട് പോലെയുള്ള, ഒരു സൌകര്യവും ഇല്ലാത്ത ഫ്ലാറ്റിന്നു അനുമതി കൊടുക്കരുത്. 
മാലിന്യ സംസ്ക്കരണം ഉദ്ഭവസ്ഥാനത്ത് എന്നുള്ളത് ഒരു നയമാക്കി, നിയമമാക്കി കൊണ്ട് വരണം. അത് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് അര്‍ഹമായ സൌകര്യങ്ങളും നികുതി ഇളവും കൊടുക്കണം. സ്വന്തം മാലിന്യ സംസ്ക്കരണപ്ലാന്റ് സ്ഥാപിക്കാന്‍ താല്പര്യപെടുന്നവര്‍ക്ക് സബ്സിഡി കൊടുക്കണം. പക്ഷെ അത് തൊഴിലുറപ്പ് പദ്ധതി പോലെ ആവരുത്. ഒപ്പിട്ട് വാങ്ങല്‍ ആവരുത്  എന്നര്‍ത്ഥം. 

7.മാലിന്യ സംസ്ക്കരണത്തിന് ഒരു മാന്ത്രിക പോംവഴി തേടുകയാണ് ഭരണകൂടം. അങ്ങിനെ ഒന്നില്ല എന്ന് തിരിച്ചറിയുക..വേണ്ടത് ചിലത് ഇവയാണ്.
ആദ്യം ഒരു നയം വേണം...പിന്നെ ആവശ്യമായ നിയമങ്ങള്‍ വേണം. ..വ്യക്തമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ വേണം..നിയമം പരിപാലിക്കുന്നു എന്ന് ഒറപ്പ് വരുത്തണം. 
അലക്ഷ്യമായ മാലിന്യ കൈകാര്യം, കുറ്റകരം ആക്കണം. മാതൃകാപരമായ ശിക്ഷകള്‍ വേണം.
 വീട്, ഹോട്ടല്‍, ആശുപത്രി, ഫ്ലാറ്റ്, മറ്റ് മാലിന്യ ഉദ്ഭവ കേന്ദ്രങ്ങള്‍ എന്നിവക്ക് കൃത്യമായ മാലിന്യ സംസ്ക്കരണ ഉത്തരവാദിത്തങ്ങള്‍ ഗവ. നിയമം വഴി കൊണ്ട് വരണം. അത് പരിപാലിക്കുന്നത് ഉറപ്പ് വരുത്തണം. 
മാലിന്യം കഴിയുന്ന അത്ര ഉദ്ഭവത്തില്‍ തന്നെ സംസ്കരിക്കണം. അത് നിര്‍ബന്ധം ആക്കണം.സ്വന്തം വീടുമുറ്റം ഒരു വിധം ആളുകള്‍ വൃത്തിയായി സൂക്ഷിക്കും. 
ചെറുകിട മാലിന്യ സംസ്ക്കരണ പ്ലാന്റുകള്‍ (വീട്ടില്‍ സ്ഥാപിക്കാവുന്ന, വീട്ടിലെ മാലിന്യം സംസ്കരിക്കാന്‍ ഉതകുന്ന) ഗവ. പ്രോത്സാഹിപ്പിക്കണം. 

8. പൂര്‍ണമായും യന്ത്രവത്കരിച്ച, വളരെ സ്ഥലം കുറവ് എടുക്കുന്ന ദുര്‍ഗന്ധരഹിതമായ, മനുഷ്യ ഇടപെടല്‍ ഏറ്റവും കുറവുള്ള സംസ്കരണ യുണിറ്റ് ആണ് കേരളത്തിന്ന്‍ വേണ്ടത്. പണം അധികം ചെലവായാലും, അത് മാത്രം ആണ് പോംവഴി. അല്ലെങ്കില്‍ വിളപ്പില്‍ശാലകള്‍ പെരുകി വരും. ഇരുപത്തിനാല് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന, മുന്നൂറ്റി അരുപതിയന്ച് ദിവസം പ്രവര്‍ത്തിക്കുന്ന പ്ലാന്റുകള്‍ ഇല്ലാതെ മാലിന്യ സംസ്ക്കരണം സാധ്യമാവില്ല. 


9. മാലിന്യ ശേഖരണവും വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. അതിന് ഇന്നുള്ള സംവിധാനം പോര. കൂടുതല്‍ കാര്യക്ഷമമായ ഒരു സംവിധാനം വരണം. കൃത്യമായ ഒരു സമയത്ത് എല്ലാ ദിവസവും മാലിന്യം ശേഖരിക്കണം. അത് മൂടികെട്ടിയ സുരക്ഷിത വാഹനങ്ങളില്‍ വേണം കൊണ്ട് പോവാന്‍. കൊച്ചിയില്‍ മാലിന്യത്തിന്റെ പത്തു ശതമാനം, പോവുന്ന വഴിയില്‍ എല്ലാം വിതറി ആണ് വണ്ടിയുടെ പോക്ക്. അത് ശരിയല്ല. മാലിന്യ സംസ്ക്കരണത്തില്‍, പൊതുസമൂഹത്തിനെയും ഉത്തരവാദപെട്ട ഒരു ചുമതല നിര്‍വഹിക്കാന്‍ ഗവ. നിര്‍ബന്ധിക്കണം. എങ്കില്‍ മാത്രമേ, ഒരു ആരോഗ്യ -ശുചിത്വ കേരളം ഇവിടെ ഉണ്ടാവു....നിലനില്ക്കു..


അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു. ..
സസ്നേഹം, 
സുധീര്‍ എം 

ജയ് ഹിന്ദ്‌ !!!


4 comments:

 1. മാലിന്യവും കുടി വെള്ളവും ആണ് ഇന്ന് നമ്മെ ഏറ്റവും അധികം കുഴക്കുന്ന പ്രശ്നങ്ങള്‍ ! ഇത് നാം തന്നെ വരുത്തിവെച്ച വിനയാണെന്നു പറയാതെ വയ്യ! സുഖ-സൗകര്യങ്ങള്‍ തേടി നാം പട്ടണങ്ങളില്‍ ചേക്കേറി... പരിമിതമായ ഭൂമിയില്‍ ഉയര്‍ന്ന ഫ്ലാറ്റുകള്‍ കെട്ടി... നിന്ന് തിരിയാന്‍ പോലും ഒരിടമില്ലാതെ തീപെട്ടിക്കൂടുകള്‍ പോലെ കെട്ടിടങ്ങള്‍ പണിതപ്പോള്‍ , എളുപ്പപണി നോക്കി പ്ലാസ്ടിക്കും മറ്റു ഉല്പന്നങ്ങളും ഉപയോഗിക്കുമ്പോള്‍ , ഒന്നും നാം ഓര്‍ത്തില്ല ഇതൊക്കെ ഒരു വലിയ വിപത്തായി നമ്മെ തന്നെ വിഴുങ്ങുമെന്ന് !!!

  പലയിടത്തും പാടങ്ങളും, കുളങ്ങളും മറ്റു ജലാശയങ്ങളും വകതിരിവില്ലാതെ മൂടി നികത്തി നാം കെട്ടിട സമുച്ചയങ്ങള്‍ പടുത്തുയര്‍ത്തി... മഴവെള്ളം പോലും താഴ്ന്നിറങ്ങാന്‍ അനുവദിക്കാതെ നാം നമ്മുടെ വീടിനു ചുറ്റും പടുത്തു മനോഹരമാക്കി.. ഫലമോ? രൂക്ഷമായ വെള്ള ക്ഷാമം...

  സാമൂഹ്യ ബോധമില്ലാതെ നാം ചെയ്യുന്ന ഓരോ ചെയ്തിക്കും നാം തന്നെ അനുഭവിക്കുന്നു... ഇനിയും എത്രയോ കാര്യങ്ങള്‍ അക്കമിട്ടു തന്നെ ഇവിടെ എഴുതാം... പക്ഷെ എന്ത് കാര്യം?
  എല്ലാ ഉത്തരവാദിത്വവും സര്‍ക്കാരിന്റെയും ഭരണ കര്‍ത്താക്കളുടെയും തലയില്‍ വെച്ച് നാം മാന്യന്മാരായി അവനവന്റെ വിഴുപ്പുകള്‍ അന്യന്റെ പറമ്പില്‍ നിക്ഷേപിക്കുന്നു. സാമൂഹ്യ പ്രതിബദ്ധത എന്ന് നാം കൈവരിക്കുന്നുവോ, അന്ന് ഇത്തരം പ്രശ്നങ്ങള്‍ ഒരു പരിധി വരെ ഒഴിവാകും... അതേ സമയം, ഈ വക പ്രശ്നങ്ങള്‍ക്ക് എന്നന്നേക്കുമായി ഒരു പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരും ശ്രമിക്കണം

  സുധീര്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ പലതും വളരെ നല്ലതുമാണ്..

  Though not entirely on the waste management issue, I had briefly said about it in one of my earlier blogs. You can find it here http://nishdil.blogspot.in/2011/11/kudumbasree.html
  Pls read it and comment.

  ReplyDelete
  Replies
  1. Dear Nisha,
   Thank you for the comment. I will definitely visit your post today..

   Delete
 2. Hi Sudheer, Good insights and well explained article!!! We should have legal guideline for waste management.Our state is one of the most populated place on earth.So it will be difficult to compell people to do waste management at their surroundings.Some people may do, some may not.Every municipalities should have their own waste management plant.This can be subcontracted to private companies.Then they should have special container vehicles to collect waste from every house.Municipalities need to supply containers to each house to separate bio waste and plastic waste to make waste management easier.Municipalities also can increase tax on each household to raise the budget for waste management.Ofcourse, there ar plenty of waste management companies around the globe and also experts who can advice the goverments how waste management can be tailored to needs and specialities for each place. Hence most important is to prioritize waste management as one of most important issue of our goverment, not fifth minister, communal balance,...

  ReplyDelete
 3. തിരുവനന്തപുരത്തെ വിളപ്പില്‍ശാല, തലശ്ശേരിയിലെ പെട്ടിപ്പാലം, തൃശൂരിലെ ലാലൂര്‍ , കൊല്ലത്തെ കൂരിപ്പുഴ, കണ്ണൂരിലെ ചേലോറ, കോഴിക്കോട്ടെ ഞെളിയന്‍ പറമ്പ്, കൊച്ചിയിലെ ബ്രഹ്മപുരം, കോട്ടയത്തെ വടവാതൂര്‍, ഇടുക്കിയിലെ പാറക്കടവ്, പാലക്കാട്ടെ കൊടുമ്പ്, വയനാട്ടിലെ കണിയാമ്പറ്റ, കാസര്‍ക്കോട്ടെ ചെമ്മട്ടം കായല്‍.... പേരു കേള്‍ക്കുമ്പോള്‍ ആളുകള്‍ മൂക്കു പൊത്തുന്ന സ്ഥലങ്ങള്‍ ഇനിയുമുണ്ട്. ഒരേസമയം കേരളത്തിന്റെ ജീര്‍ണ സംസ്‌കാരത്തിന്റെ കുപ്പത്തൊട്ടികളായും തീക്ഷ്ണ സമരത്തിന്റെ കനല്‍വേദികളായും ഇവ മാറുകയാണ്. ഏറെ സംസ്‌കാര സമ്പന്നമെന്ന് ഘോഷിക്കുന്ന കേരളീയ പൊതുബോധത്തിന് നേരെയുള്ള ചോദ്യചിഹ്നങ്ങളാണ് ഉയര്‍ന്നുവരുന്ന ഓരോ മാലിന്യവിരുദ്ധ സമരവും.http://basheerudheen.blogspot.in/2012/07/blog-post.html

  ReplyDelete